വ്യാപാരികള്‍ക്ക് ഉണര്‍വ്വും ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങളുമൊരുക്കി കേരളത്തിന്റെ തനത് വ്യാപാരോത്സവത്തിന് ഇന്നലെ തുടക്കമായി. ഇനി 46 നാളുകള്‍ കേരള വിപണിയില്‍ തിരക്കിന്റെയും ആഘോഷത്തിന്റെയും പൊലിമയേറും. വാണിജ്യ-വ്യവസായ മേഖലയില്‍ കുതിപ്പ് പകരാന്‍ ലക്ഷ്യമിട്ട് സംസ്ഥാനത്തുടനീളമുള്ള സ്ഥാപനങ്ങളെ കണ്ണിചേര്‍ത്ത് 2006ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ തുടക്കം കുറിച്ച ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവെല്ലിന്റെ അഞ്ചാം പതിപ്പാണ് ഇത്തവണത്തെ വ്യാപാരമേള. ഇക്കുറി മേളയിലൂടെ 2500 കോടിയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇത് 1800 കോടിയായിരുന്നു. ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള ഉല്‍പന്നങ്ങളോടൊപ്പം വിലപിടിപ്പുള്ള സമ്മാനങ്ങളും ലഭിക്കുന്നതോടൊപ്പം സര്‍ക്കാരിന് നികുതിയിനത്തില്‍ മേള വലിയ മുതല്‍ക്കൂട്ടാവുകയും ചെയ്യും.
ലോകമാകെ സാമ്പത്തിക മാന്ദ്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാലത്താണ് ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവെല്‍ നടക്കുന്നത്. സാധനങ്ങള്‍ക്കാകട്ടെ തീപിടിച്ച വിലയുമാണ്. ജനങ്ങളുടെ ക്രയശേഷി വര്‍ധിക്കുന്നില്ലെങ്കില്‍ വിപണന മഹോത്സവങ്ങള്‍ക്ക് നിലനില്‍ക്കാനാവില്ല. വിപണനവും ഉല്‍പാദനവും പരസ്പര പൂരകമാണ്. ഉല്‍പാദനം വര്‍ധിപ്പിക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും വിപണനം വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇവിടെയാണ് ഇതുപോലെയുള്ള ഗ്രാന്റ് ഷോപ്പിംഗ് ഫെസ്റ്റിവെല്ലിന്റെ പ്രസക്തി.
ദുബായില്‍ 18 വര്‍ഷം മുമ്പ് തുടങ്ങിയ ഷോപ്പിംഗ് ഫെസ്റ്റിവെല്‍ അധികം വൈകാതെ തന്നെ ലോകപ്രശസ്തമായി. വാണിജ്യമേളക്ക് ആഗോള സമൂഹത്തെ ആകര്‍ഷിക്കാനായി വിമാനയാത്രക്കൂലിയില്‍ പോലും പ്രത്യേക സൗജന്യം അനുവദിക്കപ്പെട്ടു. ഷോപ്പിംഗ് മാളുകളില്‍ മാത്രമല്ല ഹോട്ടലുകളിലും വിനോദകേന്ദ്രങ്ങളിലും അവര്‍ പ്രത്യേക ഇളവുകള്‍ ഏര്‍പ്പെടുത്തി. ആദ്യ കേരള ഷോപ്പിംഗ് ഫെസ്റ്റിവെല്ലിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ തുടര്‍ന്നുള്ള മേളകള്‍ ആവേശകരമായ മുന്നേറ്റം കാഴ്ചവെച്ചു. വില്‍പ്പന നികുതിയിനത്തില്‍ ആദ്യവര്‍ഷം 90 കോടി ലഭിച്ച സ്ഥാനത്ത് തൊട്ടവര്‍ഷങ്ങളില്‍ യഥാക്രമം 140, 280, 390 എന്നിങ്ങനെയായിരുന്നു വരുമാനം.
കേരളത്തെ രാജ്യാന്തര വാണിജ്യകേന്ദ്രമാക്കി മാറ്റണമെന്ന ആഗ്രഹത്തോടെയാണ് കേരള ഗവണ്‍മെന്റ് മേള സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ വ്യാപാര ചരിത്രത്തില്‍ വേറിട്ട മുന്നേറ്റം കാഴ്ചവെക്കാന്‍ ഇത്തരം മേളകള്‍ക്ക് കഴിഞ്ഞേക്കാമെങ്കിലും ജനങ്ങളുടെ പ്രതീക്ഷക്കൊത്തുള്ള മെച്ചം മേളകളില്‍ ലഭിക്കുന്നില്ലെന്ന പരാതി നാലു വര്‍ഷത്തിനു ശേഷവും അവശേഷിക്കുന്നു. മുമ്പ് കേരളത്തിലെവിടെയും സീസണ്‍ കച്ചവടമായിരുന്നു. ഓണം, പെരുന്നാള്‍, ക്രിസ്തുമസ്, വിഷു തുടങ്ങിയ ആഘോഷങ്ങളോടനുബന്ധിച്ചായിരുന്നു സീസണ്‍. അന്നാണ് വിപണി ഏറെ സജീവമാവുക. സീസണ്‍ കഴിഞ്ഞാല്‍ കച്ചവടം പിന്നെ തുലോം കുറവായിരിക്കും. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ വരെ വിഷമിക്കുന്നവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു.
40 ലക്ഷത്തിലധികം ആളുകള്‍ ജോലിചെയ്യുന്ന മേഖലയായി വ്യാപാര-വ്യവസായ മേഖല വളര്‍ന്നിരിക്കുന്നു. ഇതില്‍ വലിയ വിഭാഗം ചെറുകിട സ്ഥാപനങ്ങളാണ്. കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ സംരംഭവും ഇതുതന്നെ. വ്യാപാരഉടമകള്‍ തന്നെ ഇവിടെ ജോലിചെയ്യുന്നവരാണ്. പലരും ബാങ്കുകളില്‍നിന്ന് വായ്പയെടുത്താണ് കച്ചവടസ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നത്. അവരെ സംബന്ധിച്ചെടുത്തോളം ഇത്തരം മേളകള്‍ ഇപ്പോള്‍ പ്രതീക്ഷയുടെ വേലിയേറ്റം സൃഷ്ടിക്കുന്നു.
ഷോപ്പിംഗിനെ ഇന്നാരും ആഢംബരമായി കണക്കാക്കുന്നില്ല. മതാഘോഷ ദിവസങ്ങളേക്കാല്‍ ആളുകള്‍ വ്യാപാര സ്ഥാപനങ്ങള്‍ കയറിയിറങ്ങുന്നതും തരാതരം പോലെ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതും മറ്റ് സന്ദര്‍ഭങ്ങളിലാണെന്ന് പറയാം. വീട്ടാവശ്യത്തിന് ഫ്രിഡ്ജും ടിവിയും വാഷിംഗ് മെഷിനും കമ്പ്യൂട്ടറും ഫോണും തുടങ്ങി ഷോപ്പിംഗിനിറങ്ങിയാല്‍ ആവശ്യക്കാരനെ തേടിയെത്തുന്ന സാധനങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. ഫാഷനും ഡിസൈനും മാറുന്നതിനനുസരിച്ച് യുവതീയുവാക്കള്‍ക്ക് റെഡിമെയ്ഡ് വസ്ത്രങ്ങളും വേണം. ജനങ്ങളെ വശീകരിക്കാന്‍ ആകര്‍ഷണീയമായ പരസ്യങ്ങളുടെ അകമ്പടിയോടെ സ്ഥാപനങ്ങള്‍ അണിഞ്ഞൊരുങ്ങി നില്‍പുണ്ട്.
ജനുവരി 15 വരെ 46 ദിവസം നീളുന്നതാണ് വ്യാപാരോത്സവം. വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന മേള യിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തികവളര്‍ച്ചക്ക് അടിത്തറയൊരുക്കുകയാണ് ലക്ഷ്യം. അതിന് സഹായകരമായ രീതിയില്‍ ടൂറിസം പാക്കേജും കലാസാംസ്‌കാരിക പരിപാടികളും സമ്മാനഘടനയും ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നാണ് വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ അവകാശപ്പെടുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വ്യാപാരികളും വാണിജ്യസ്ഥാപനങ്ങളും മേളയുടെ ഭാഗമാകാന്‍ സ്വയം സന്നദ്ധത പ്രകടിപ്പിച്ചിട്ടുമുണ്ട്. മുമ്പ് നിര്‍ബന്ധപൂര്‍വം കച്ചവടക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്തിയ സ്ഥാനത്തുള്ള ഈ മാറ്റം തീര്‍ച്ചയായും സന്തോഷകരം തന്നെ. മേളകളുടെ വിജയത്തിന് നിദാനമായി വര്‍ത്തിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം വിറ്റഴിക്കപ്പെടുന്ന സാധനങ്ങളുടെ ഗുണനിലവാരമാണ്. പഴയതും ഗുണമേന്മയില്ലാത്തതുമായ സാധനങ്ങള്‍ വിറ്റഴിക്കാനുള്ള കുറുക്കുവഴിയായി മേളയെ ദുരുപയോഗം ചെയ്യുന്നവരുണ്ട്. ഉപഭോക്താവിനെ ചൂഷണം ചെയ്യാനുള്ള വാതിലുകളെല്ലാം പരമാവധി കൊട്ടിയടച്ചുകൊണ്ടായിരിക്കണം ഇത്തരം മേളകള്‍ സംഘടിപ്പിക്കേണ്ടത്. അല്ലാത്ത പക്ഷം കേരളത്തിന്റെ വികസനചരിത്രത്തില്‍ അന്താരാഷ്ട്ര നിലവാരം കൊതിക്കുന്ന ഈ ഷോപ്പിംഗ് ഫെസ്റ്റിവെല്‍ ലക്ഷ്യംകാണാതെ പരാജയപ്പെട്ടുപോകും.
No comments:
Post a Comment