പാക്കിസ്താന്റെ വിശ്വസ്ത സുഹൃത്തോ അതിലുമപ്പുറം മറ്റെന്തൊക്കെയോ ആയിരുന്നു അമേരിക്ക. ഇപ്പോഴും അങ്ങിനെയാണെന്ന് ലോകത്തെ വിശ്വസിപ്പിക്കാനാണ് ഇരുരാജ്യങ്ങളും ശ്രമിക്കുന്നതും. വേള്‍ഡ് ട്രേഡ്‌സെന്ററിന് നേരെ പത്തുവര്‍ഷം മുമ്പ് നടന്ന ആക്രമണത്തിന്റെ സൂത്രധാരന്‍ എന്ന നിലയില്‍ അമേരിക്കയുടെ ബദ്ധവൈരിയായ ഉസാമ ബിന്‍ലാദന്‍ പാക്കിസ്താനില്‍ വധിക്കപ്പെട്ടതിന് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍വീണത്. ലാദന് ഒളിത്താവളം ഒരുക്കിയതില്‍ പാക്ക് ഭരണകൂടത്തിന് പങ്കുണ്ടെന്ന് അമേരിക്ക ഉറച്ചുവിശ്വസിക്കുന്നു. നാറ്റോ ആക്രമണത്തില്‍ 24 പാക്ക് സൈനികര്‍ കൊല്ലപ്പെട്ട സംഭവം അമേരിക്കയുടെ പ്രതികാരബുദ്ധിയില്‍നിന്ന് ഉരുവം കൊണ്ടതാണെന്ന് പാക്കിസ്താനികള്‍ വിശ്വസിക്കുന്നുവെങ്കില്‍ അവരെ കുറ്റപ്പെടുത്താനാവില്ല.
വടക്കുപടിഞ്ഞാറന്‍ പാക്കിസ്താനിലെ മുഹ്മന്ദ് ഗോത്രമേഖലയില്‍ രണ്ടു സൈനിക ചെക്ക്‌പോസ്റ്റുകള്‍ക്ക് നേരെ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ നാറ്റോ വ്യോമാക്രമണത്തിലാണ് 24 സൈനികള്‍ കൊല്ലപ്പെട്ടത്. ഉടന്‍ പ്രതിഷേധമറിയിച്ച പാക്കിസ്താന്‍ അഫ്ഗാനിലെ നാറ്റോ സൈന്യത്തിന് സാധനങ്ങളും ഭക്ഷണങ്ങളുമായി പോകുന്ന വാഹനങ്ങള്‍ തടയുകയും അതിര്‍ത്തി അടയ്ക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതുപോലെ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടപ്പോഴും അഫ്ഗാനിലേക്കുള്ള ചരക്കുനീക്കം പാക്കിസ്താന്‍ തടഞ്ഞിരുന്നു. അന്ന് 50 ശതമാനം ചരക്കുകളും പാക്കിസ്താന്‍ വഴിയായിരുന്നു. ഇപ്പോഴത് 30 ശതമാനമാക്കി കുറച്ചിട്ടുണ്ട്. കൂടാതെ യു എസ് ചാരസംഘടനയായ സി ഐ എയുടെ കീഴിലുള്ള ഷംസി വ്യോമത്താവളം അടയ്ക്കാനും നിര്‍ദേശിച്ചു. അമേരിക്കയുടെ പൈലറ്റില്ലാ വിമാനങ്ങളെ ഏകോപിപ്പിക്കുന്നത് ഇവിടെ വെച്ചാണ്. പാക്ക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനി യു എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്‌ളിന്റനെ വിളിച്ച് ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു.
പാക്കിസ്താനിലെങ്ങും അമേരിക്കന്‍ ചെയ്തിക്കെതിരെ പ്രതിഷേധത്തിന്റെ കനല്‍ക്കാറ്റ് ആഞ്ഞുവീശുകയാണ്. യു എസുമായുള്ള ബന്ധം പുനപ്പരിശോധിക്കണമെന്ന ആവശ്യം വരെ അവിടെ ഉയര്‍ന്നുകഴിഞ്ഞു. നയതന്ത്ര, രാഷ്ട്രീയ, സൈനിക, രഹസ്യാന്വേഷണ മേഖലകള്‍ ഉള്‍പ്പെടെ അമേരിക്കയും നാറ്റോവുമായി പുലര്‍ത്തുന്ന എല്ലാ ബന്ധങ്ങളും പുനപ്പരിശോധിക്കണമെന്നാണ് പ്രധാനമന്ത്രി യുസഫ് റസാ ഗീലാനിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ പ്രതിരോധസമിതി യോഗം ആവശ്യപ്പെട്ടത്. മാത്രമല്ല അഫ്ഗാനില്‍ നിന്നുള്ള നാറ്റോ പിന്മാറ്റം ഉള്‍പ്പെടെ ദക്ഷിണേഷ്യയിലെ തന്ത്രപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ബോണ്‍ സമ്മേളനം ബഹിഷ്‌ക്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. അമേരിക്കന്‍ മാധ്യസ്ഥതയില്‍ താലിബാനുമായുള്ള പാക്ക്ചര്‍ച്ചയും അടുത്തമാസം അഞ്ചിന് നടക്കുന്ന ബോണ്‍ സമ്മേളനത്തിന്റെ പ്രധാനവിഷയമാണ്. 90 രാജ്യങ്ങളില്‍നിന്നുള്ള വിദേശകാര്യ മന്ത്രിമാരാണ് ഈ സമ്മേളനത്തില്‍ പങ്കെടുക്കന്നത്.
ഭീകരവിരുദ്ധ യുദ്ധത്തിലെ സഖ്യകക്ഷിയായ പാക്കിസ്താനെതിരെ ഒരു പ്രകോപനവുമില്ലാതെയാണ് ആക്രമണം നടന്നത്. പത്തുവര്‍ഷം പിന്നിട്ട ഭീകരവിരുദ്ധ യുദ്ധത്തില്‍ അമേരിക്കയോട് കൈകോര്‍ത്തതിന് ശേഷം ഇരുരാജ്യങ്ങളുടെയും സൈനികര്‍ക്കിടയിലുണ്ടായ ഏറ്റവും വലിയ സംഘര്‍ഷമാണ് ശനിയാഴ്ചത്തേത്. നാറ്റോയുടെ ഹെലികോപ്റ്ററുകള്‍ ആക്രമണം നടത്തുമ്പോള്‍ പാക്ക് ചെക്ക്‌പോസ്റ്റില്‍ നാല്പതോളം സൈനികരുണ്ടായിരുന്നു. ഒരു മേജറും ക്യാപ്റ്റനും കൊല്ലപ്പെട്ടവരില്‍ പെടും. പറയത്തക്ക തീവ്രവാദ പ്രശ്‌നങ്ങളൊന്നുമില്ലാത്ത മേഖലയുമാണിത്. പാക്ക് സൈന്യം തിരിച്ചടിച്ചെങ്കിലും മറുപക്ഷത്ത് നാശനഷ്ടങ്ങള്‍ സംഭവിച്ചതായി വിവരമില്ല.
ഉസാമബിന്‍ ലാദന്റെ വധത്തെ തുടര്‍ന്ന് യു എസ്-പാക്ക് ബന്ധത്തിലുണ്ടായ വിള്ളല്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളിലെയും ഭരണനേതൃത്വം കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് നാറ്റോ സൈന്യം കടന്നാക്രമണം നടത്തിയത്. അതിര്‍ത്തി കടന്നെത്തിയ വിമാനങ്ങള്‍ പാക്കിസ്താനെ അറിയിക്കാതെയാണ് പാക്ക് ഭടന്മാര്‍ക്കെതിരെ വ്യോമാക്രമണം നടത്തിയത്. അമേരിക്കയുടെ ആളില്ലാ വിമാനങ്ങള്‍ അതിര്‍ത്തി കടന്നെത്തി നടത്തുന്ന തീവ്രവാദ വേട്ടക്കെതിരെ പ്രതിഷേധമുയരുന്നതിനിടെയാണ് വ്യോമാക്രമണത്തിന് തന്നെ നാറ്റോ വീണ്ടും മുതിര്‍ന്നത്. യുദ്ധവിമാനങ്ങളില്‍ അതിര്‍ത്തി കടന്ന് വന്ന യു എസ് കമാണ്ടോകളായിരുന്നു മേയില്‍ അബാട്ടാബാദിലെത്തി ഉസാമയെ വധിച്ചത്.
സംഭവത്തില്‍ അമേരിക്ക മാപ്പു പറയുകയും നാറ്റോ ദു:ഖം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അതുകൊണ്ടൊന്നും പാക്കിസ്താന്‍ ഭരണകൂടവും ജനങ്ങളും തൃപ്തരല്ല. ഈ രോഷവും പ്രതിഷേധവും തുടരുമെന്ന് പാക്കിസ്താന്റെ ഇതപര്യന്തമുള്ള നിലപാടുകള്‍ വിലയിരുത്തുമ്പോള്‍ കരുതാനുമാവില്ല. ശക്തിയായി പ്രതികരിക്കുകയും പിന്നീട് രഹസ്യമായി വഴങ്ങുകയും ചെയ്യുന്നതാണ്പാക്ക് ഭരണകൂടത്തിന്റെ പതിവ്. ഇത്തവണ പക്ഷെ അതുപോലെ മുട്ടുമടക്കാന്‍ പാക്ക് ജനതമോ എന്നതാണ് സംശയം. 24 സൈനികരാണല്ലോ ഒറ്റയടിക്ക് കൊല്ലപ്പെട്ടത്. മിത്രങ്ങളേയും ശത്രുക്കളേയും ഒരുപോലെ കടലോളം ആഴം നല്‍കി ദ്രോഹിക്കാന്‍ മടിക്കാത്തവരാണല്ലോ അമേരിക്കയും സഖ്യരാഷ്ട്രങ്ങളും. എത്ര രാജ്യളെയാണ് നിക്ഷിപ്ത താല്‍പര്യങ്ങളുടെ പേരില്‍ അവര്‍ അശാന്തിയുടെ നടുക്കടലില്‍ തള്ളിയത്. അല്ലെങ്കില്‍ തന്നെ ഇരുള്‍നിലങ്ങളില്‍ മുടന്തി നീങ്ങുന്ന രാജ്യമാണ് പാക്കിസ്താന്‍. ജനങ്ങളുടെ മനോകാമനകളെ പൂവണിയിക്കാന്‍ പോലും കഴിയാത്ത രാജ്യം. പാക്കിസ്താനിലെ സൈനികരെ വധിച്ചത് നാറ്റോക്ക് പറ്റിയ കൈയ്യബദ്ധമാണെന്ന് അവിടുത്തുകാരോ ആഗോള സമൂഹമോ വിശ്വസിക്കുമോ?
No comments:
Post a Comment