മരിക്കാത്ത അവയവങ്ങള്‍ ദാനം ചെയ്ത് മരണത്തെ തോല്‍പിച്ച കൂടരഞ്ഞിയിലെ അരുണ്‍ ജോര്‍ജ് നന്മയുടെയും ത്യാഗോജ്വലമായ സേവനത്തിന്റെയും വഴിവിളക്കായി എല്ലാവര്‍ക്കും പ്രകാശമേകും. ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഏകമകന് മസ്തിഷ്‌ക്ക മരണം സംഭവിച്ചപ്പോള്‍ തന്നെ അരുണിന്റെ വൃക്ക, കരള്‍, കണ്ണുകള്‍ എന്നിവ ദാനംചെയ്യാന്‍ സന്നദ്ധമായ മാതാപിതാക്കളുടെ വലിയ മനസ്സ് നിസ്വാര്‍ഥതയുടെ സൗഗന്ധിക പ്രവാഹമായി ചരിത്രത്തിലിടം നേടും. തിരിച്ചുകിട്ടിയ മൂന്നു ജീവിതങ്ങളിലൂടെയും രണ്ടു പേരുടെ കാഴ്ചകളിലൂടെയും ഇനി അരുണ്‍ ജോര്‍ജ് ജീവിക്കുമ്പോള്‍, പൊന്നോമനയുടെ വിയോഗം സൃഷ്ടിച്ച തീവ്രനൊമ്പരം സഹിക്കാന്‍ ജോര്‍ജ്-സലീന ദമ്പതികള്‍ക്ക് കഴിഞ്ഞെങ്കില്‍ എന്ന് ആശിച്ചുപോകുന്നു.
വൃക്കകള്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ ഡയാലിസിസ് ചെയ്ത് ജീവിതം തള്ളിനീക്കിയിരുന്ന ബത്തേരിയിലെ മഞ്ജു, കണ്ണൂര്‍ തോട്ടടയിലെ ഐ ടി ഐ വിദ്യാര്‍ഥി വിനേഷ്, കൊച്ചി അമൃത ആശുപത്രിയില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്കിയക്കായി കാത്തിരുന്ന മറ്റൊരാള്‍ എന്നിവര്‍ക്കാണ് അരുണിന്റെ അവയവങ്ങളിലൂടെ ജീവിതം വീണ്ടുകിട്ടിയത്. ഒരിക്കലും മരിക്കാത്ത സാന്നിധ്യമായി മകന്‍ നക്ഷത്രം പോലെ രണ്ടുപേരുടെ കണ്ണുകളിലൂടെയും ശോഭിച്ചുനില്‍ക്കും.
വൃക്കകള്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ ഡയാലിസിസ് ചെയ്ത് ജീവിതം തള്ളിനീക്കിയിരുന്ന ബത്തേരിയിലെ മഞ്ജു, കണ്ണൂര്‍ തോട്ടടയിലെ ഐ ടി ഐ വിദ്യാര്‍ഥി വിനേഷ്, കൊച്ചി അമൃത ആശുപത്രിയില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്കിയക്കായി കാത്തിരുന്ന മറ്റൊരാള്‍ എന്നിവര്‍ക്കാണ് അരുണിന്റെ അവയവങ്ങളിലൂടെ ജീവിതം വീണ്ടുകിട്ടിയത്. ഒരിക്കലും മരിക്കാത്ത സാന്നിധ്യമായി മകന്‍ നക്ഷത്രം പോലെ രണ്ടുപേരുടെ കണ്ണുകളിലൂടെയും ശോഭിച്ചുനില്‍ക്കും.
കൂടരഞ്ഞി കാരമൂലക്കടുത്ത് ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മകന്‍ രക്ഷപ്പെടില്ലെന്ന് ഉറപ്പായപ്പോള്‍ മിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍, അരുണിന്റെ അവയവങ്ങള്‍ ദാനംചെയ്ത് കുറച്ചു പേരുടെ ജീവന്‍ രക്ഷിച്ചുകൂടേ എന്ന് മാതാപിതാക്കളോട് ആരായുകയായിരുന്നു. അങ്ങനെയെങ്കില്‍ അതവന് പുണ്യമാകട്ടെ എന്ന പ്രാര്‍ഥനയോടെയാണ് ജോര്‍ജും കുടുംബവും സമ്മതിച്ചത്.
നിയമത്തിന്റെ നൂലാമാലകളെല്ലാം മാറ്റിവെച്ചുകൊണ്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളജധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്. എട്ടുമാസമായി ഡയാലിസിസുമായി ജീവിതം നീട്ടിക്കൊണ്ടുപോയ വിനേഷിന് നാലുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് വൃക്ക വെച്ചുപിടിപ്പിച്ചത്. കണ്ണുകള്‍ മാത്രമല്ല വൃക്കകളും കരളും ദാനംചെയ്യാനുള്ള രക്ഷിതാക്കളുടെ സന്നദ്ധത തന്നെ വലിയൊരു മാറ്റത്തിന്റെ തുടക്കമാണ്. സ്വമേധയാ വൃക്ക ദാനംചെയ്ത് സമൂഹത്തിന് മാതൃക കാട്ടിയ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാദര്‍ ഡേവിസും എ സി റോയിയുമൊക്കെ നമ്മുടെ മുന്നിലുണ്ട്. അവയവദാനത്തെ കുറിച്ചുള്ള അവബോധമില്ലായ്മ മുതല്‍ നിയമപരവും സാങ്കേതികവുമായ തടസ്സങ്ങള്‍ വരെ ഒട്ടേറെ പരിമിതികളാണ് രോഗികളും കുടുംബങ്ങളും ഇപ്പോള്‍ നേരിടുന്നത്.
വൃക്ക ദാനംചെയ്യാന്‍ ആരെങ്കിലും സ്വമേധയാ സന്നദ്ധമായാല്‍ തന്നെ നിയമപരമായ നിരവധി രേഖകള്‍ ഹാജരാക്കണം. സിറ്റി പൊലീസ് കമ്മീഷണറുടെയും വില്ലേജാഫീസറുടെയും സമ്മതപത്രം വേണം. പണത്തിന് വേണ്ടിയല്ല ദാനമെന്ന് ഓതറൈസേഷന്‍ കമ്മിറ്റിയെ ബോധ്യപ്പെടുത്തണം. ഈ കമ്മിറ്റി ചേരുന്നതാകട്ടെ മാസത്തില്‍ ഒരിക്കല്‍ മാത്രമാണ്. ആ സമയത്ത് രേഖകളെല്ലാം ശരിയായില്ലെങ്കില്‍ വീണ്ടുമൊരു മാസം കൂടി കാത്തിരിക്കേണ്ടിവരും. രേഖകളില്‍ ചെറിയ പ്രശ്‌നമുണ്ടായാലോ പുലിവാലാവുകയും ചെയ്യും. ഇങ്ങനെയൊക്കെയാണെങ്കിലും കണ്ണും കരളും വൃക്കയും ഹൃദയവുമൊക്കെ മാറ്റിവെച്ച രോഗികള്‍ക്ക് പുതുജീവന്‍ പകരാന്‍ കഴിയുമെന്നത് വലിയ അത്ഭുതം തന്നെയാണ്. വൃക്ക ദാനംചെയ്യുന്ന വ്യക്തി പൂര്‍ണ ആരോഗ്യമുള്ള ആളാണെങ്കില്‍ ഒരുവിധ ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാകില്ലത്രെ.
വേണ്ടത്ര അവബോധമില്ലാത്തതുകൊണ്ടാണ് അവയവദാനം വ്യാപകമാകാത്തത്. അവയവദാനത്തിന്റെ മറവില്‍ കച്ചവടം നടക്കുന്നുവെന്ന കാര്യം വിസ്മരിക്കുന്നില്ല. അത് തടയാന്‍ നിയമം കര്‍ശനമാക്കുന്നതില്‍ ആരും തെറ്റ് കാണില്ല.
കൂടരഞ്ഞിയിലെ തറപ്പേല്‍ ഹാര്‍ഡ്‌വേഴ്‌സ് ഉടമയായ ജോര്‍ജും മുക്കം മോയിന്‍ഹാജി മെമ്മോറിയല്‍ ഹൈസ്‌കൂള്‍ അധ്യാപികയായ സെലീനയും എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ മകന്റെ വിയോഗത്തില്‍ വേദന കടിച്ചിറക്കുമ്പോഴും മൂന്നുപേരുടെ ജീവന്‍ രക്ഷിക്കാനും രണ്ടുപേര്‍ക്ക് കാഴ്ച ലഭിക്കാനും സന്മനസ്സ് കാണിച്ചത് നിസ്സാര കാര്യമല്ല.
പുണ്യവും നന്മയുമുള്ളതൊന്നും അകിടില്‍ കരുതാത്തവര്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്ന ഇത്തരം മാതൃകകള്‍ വലിയ പാഠമാവേണ്ടതാണ്. രോഗങ്ങളുടെ പേരില്‍ ദുരിതങ്ങള്‍ കുടിച്ചുതീര്‍ക്കാന്‍ വിധിക്കപ്പെട്ടവരുടെ എണ്ണം അനുദിനം പെരുകിവരികയാണ്. മലയാളികളെ സംബന്ധിച്ചെടുത്തോളം ഭക്ഷണത്തേക്കാള്‍ മരുന്നിനും ചികിത്സക്കും തുക ചെലവഴിക്കുന്നവരായി മാറിയിരിക്കുന്നു. സ്വകാര്യ ആശുപത്രികള്‍ തഴച്ചുവളരുന്നതും അവര്‍ രോഗികളെ ചൂഷണം ചെയ്യുന്നതും ഭരണാധികാരികള്‍ കണ്ടില്ലെന്ന് നടിക്കുമ്പോള്‍ പകല്‍കൊള്ളയാണ് പലരും നടത്തുന്നത്. രോഗനിര്‍ണയത്തിന്റെ പേരില്‍ പലവിധ പരിശോധനകളും ടെസ്റ്റുകളും സ്‌കാനിംഗും മെല്ലാം കൂടി ജീവിതം ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്നു.
തളര്‍ച്ചയുടെ വൃത്തത്തില്‍ നിരാശരായി നൊന്തുകഴിയുന്ന വൃക്ക-കരള്‍ രോഗികളുടെ കാര്യത്തില്‍ പണമുണ്ടായാലും കടമ്പകളെ അതിജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണല്ലോ ഇന്നുള്ളത്. ഈ ശ്യാമജാതകം തിരുത്തിക്കുറിക്കാന്‍ അരുണിന്റെ മാതാപിതാക്കള്‍ വെട്ടിത്തുറന്ന പുതിയ വഴികള്‍ പൊന്മയില്‍ പീലിയില്‍ ചരിത്രപാഠമായി രേഖപ്പെടുത്തപ്പെടും. നിസ്വാര്‍ഥവും മനുഷ്യത്വപരവുമായ സേവനബോധത്തിന്റെ അസൂയാവഹമായ സ്പര്‍ശം അരുണിന്റെ അവയവദാനത്തിലൂടെ അവന്റെ മാതാപിതാക്കള്‍ പകര്‍ന്നുനല്‍കിയത് ഭാവിതലമുറകള്‍ക്ക് വലിയ പാഠമായിരിക്കുമെന്നതില്‍ സംശയമില്ല.
നന്നായി :)
ReplyDeleteമതപരമായ വിശ്വാസങ്ങൾ നേത്രദാനത്തിൽനിന്നു പോലും ആളുകളെ പിന്തിരിപ്പിക്കുന്നു. മതമേധാവികളും പണ്ഠിതന്മാരും ഇക്കാര്യത്തിൽ ബോധവൽക്കരണം നടത്തിയാൽ മാത്രമേ അവയവദാനം വ്യാപകമാകൂ. ഇന്ന് കണ്ണുദാനം ചെയ്യുന്നവരിൽ നല്ലൊരു പങ്കും യുക്തിവാദികളും നിരീശ്വരവാദികളുമാണ്. അവരുടെ കണ്ണ് കിട്ടുന്നതോ വിശ്വാസികൾക്കും! അവിശ്വാസികളുടെ കണ്ണുമായി ജീവിച്ചതിന്റെ പേരിൽ അവർ നരകത്തിൽ പോകുമോ? വൃക്കദാനം ദാദാവിന്റെ ആരോഗ്യം കൂടി കണക്കിലെടുത്ത് ചെയ്യേണ്ടതാണ്. വൃക്കമാറ്റിവയ്ക്കൽ പ്രക്രിയയിൽ ഇന്ന് നിലവിലിരിക്കുന്ന കർശനമായ നടപടിക്രമങ്ങൾ ലഘൂകരിക്കാൻ സർക്കാർ തയ്യാറാകുന്നില്ല്ല. ഇത് കഷ്ടമാണ്. അനധികൃത വൃക്കക്കച്ചവടം എത്ര കർക്കശനിയമങ്ങൾ നിലനിന്നാലും നടക്കും. അതിന്റെ പേരിൽ സാധാരണ വൃക്കദാന നടപടികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് അവസാനിപ്പിച്ചേ മതിയാകൂ. നടപടികൾ പൂർത്തിയായി വരുമ്പോൾ വൃക്ക കിട്ടേണ്ട രോഗി മരിക്കും. ഇതെന്ത് കഷ്ടം!
ReplyDelete