Monday, December 26, 2011

സംവരണ വഴിയില്‍ വീണ്ടും ചതിക്കുഴികള്‍


           സംവരണത്തിന്റെ പേരില്‍ അനേകം ചാതിക്കുഴികള്‍ താണ്ടിയവരാണ് രാജ്യത്തെ പിന്നാക്ക സമുദായങ്ങള്‍. സ്വാതന്ത്ര്യം നേടി ആറു പതിറ്റാണ്ട് പിന്നിട്ടിട്ടും ഭരണഘടന വാഗ്ദാനം ചെയ്ത ഈ അവകാശം ഭാഗികമായിപ്പോലും യാഥാര്‍ഥ്യമായില്ല. ജനസംഖ്യാനുപാതിക പ്രാതിനിധ്യമാണ് തുല്യനീതി ഉറപ്പുവരുത്താന്‍ കരണീയമെന്ന നിര്‍ദേശം നിലവിലുണ്ടെങ്കിലും ഭരണാധികാരശക്തികള്‍ ഇതുവരെ അത് മുഖവിലക്കെടുത്തിട്ടില്ല. സന്ദര്‍ഭത്തിനൊത്തുയരുന്നതില്‍ പിന്നാക്ക സമൂഹങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ പരാജയപ്പെട്ടതാണനുഭവം. വിവേചനത്തിന്റെയും അവഗണനയുടെയും ചുഴിയില്‍പെട്ട ഈ വിഭാഗങ്ങളുടെ മോഹങ്ങള്‍ പൂവണിയിക്കാനല്ല, അവരുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രങ്ങളാണ് ഇപ്പോഴും കേന്ദ്രഭരണകൂടം നടത്തുന്നത്.
 
             പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള 27 ശതമാനം സംവരണത്തില്‍ നാലര ശതമാനം ന്യൂനപക്ഷങ്ങള്‍ക്ക് നീക്കിവെക്കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം ആശ്വാസകരമായി തോന്നാമെങ്കിലും രാഷ്ട്രീയധര്‍മത്തിന്റ ധീരമായ നിര്‍വഹണം എന്ന് അതിനെ വ്യാഖ്യാനിക്കുന്നത് കടന്നകൈയ്യായിരിക്കും. ഒരു മഹായജ്ഞം വിജയിച്ചുവെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കന്നവര്‍ ചരിത്രസന്ധിയുടെ പ്രാധാന്യം ഉള്‍ക്കൊള്ളാത്തവരാണ്. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കംനില്‍ക്കുന്ന മുസ്‌ലിംകള്‍ക്ക് വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ പത്ത് ശതമാനം സംവരണം നല്‍കണമെന്ന ജസ്റ്റിസ് രംഗനാഥ് മിശ്ര കമ്മീഷന്റെ ശിപാര്‍ശ, നാലര ശതമാനം നിശ്ചയിച്ചതിലൂടെ അട്ടിമറിക്കപ്പെട്ടുവെന്നത് വസ്തുതകളെ ഇഴപിരിച്ച് പരിശോധിക്കാന്‍ തയാറുള്ള ആര്‍ക്കും ബോധ്യമാവും. സംവരണത്തിന്റെ തോത് 50 ശതമാനത്തില്‍ നിജപ്പെടുത്തണമെന്ന സുപ്രീം കോടതി ഉത്തരവ്  കൂടി പരിഗണിച്ചാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ ന്യായം. മുസ്‌ലിം സംവരണം ഉറപ്പാക്കാന്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് സച്ചാര്‍  കമ്മീഷനും രംഗനാഥ് മിശ്ര കമ്മീഷനും നിര്‍ദേശിച്ച പശ്ചാത്തലത്തില്‍ ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണം നഷ്ടപ്പെടുത്തുകയാണ് സത്യത്തില്‍ സര്‍ക്കാര്‍ ചെയ്തത്.

           മുസ്‌ലിം പ്രീണന നയമെന്ന ബി ജെ പി പ്രചാരണത്തെ പേടിച്ചാണ് നാലര ശതമാനത്തില്‍ സംവരണം ഒതുക്കിയതെന്ന് അടക്കം പറയുന്നവര്‍ ഭരണമുന്നണിയിലുണ്ട്. ജനാധിപത്യ വ്യവസ്ഥയില്‍നിന്ന് ഊര്‍ജം സ്വീകരിക്കുന്ന ഒരു സര്‍ക്കാരിന് ഭൂഷണമാണോ ഈ വിശദീകരണം? ഒ ബി സി പട്ടികയില്‍ ഉള്‍പ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മാത്രമേ പുതിയ തീരുമാനത്തിന്റെ ആനുകൂല്യം ലഭിക്കൂ. അടുത്ത മാസം ഒന്നിന് ഇത് നിലവില്‍ വരും. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമത്തിലെ  സി വകുപ്പില്‍ ഉള്‍പ്പെടുന്ന മുസ്‌ലിം, സിക്ക്, ക്രിസ്ത്യന്‍, ബുദ്ധ, സൗരാഷ്ട്രിയന്‍, പാഴ്‌സി മതവിഭാഗങ്ങള്‍ക്ക് കൂടി അര്‍ഹതപ്പെട്ടതാണ് ഈ നാലര ശതമാനം എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആസന്നമായ ഉത്തരപ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണ് ഇതെന്ന പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പില്ലാതല്ല. യു പിയില്‍ നാലാംസ്ഥാനത്താണ് കോണ്‍ഗ്രസുള്ളത്. 400 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് ഇപ്പോള്‍ 21 അംഗങ്ങളേ ഉള്ളൂ. എന്നാല്‍ നൂറോളം മണ്ഡലങ്ങളില്‍ മുസ്‌ലിംകള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ട്. അവരെ കയ്യിലെടുക്കാന്‍  ഈ സംവരണം കോണ്‍ഗ്രസ് തുരുപ്പുശീട്ടാക്കുമെന്ന് ഉറപ്പാണ്.

          ജനസംഖ്യാനുപാതിക സംവരണം മുസ്‌ലിംകള്‍ക്ക് നല്‍കണമെന്നാണ് യു പി മുഖ്യമന്ത്രി മായാവതിയും സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിംഗ് യാദവും ആവശ്യപ്പെടുന്നത്. രാജ്യത്തെ ദലിത് വിഭാഗങ്ങളേക്കാള്‍ ശോചനീയമാണ് മുസ്‌ലിംകളുടെ അവസ്ഥയെന്നും വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ പരിമിത പ്രാതിനിധ്യം പോലും അവര്‍ക്ക്  ലഭിക്കുന്നില്ലെന്നും കഴിഞ്ഞ യു പി എ സര്‍ക്കാര്‍ നിയോഗിച്ച സച്ചാര്‍ കമ്മീഷന്‍ തന്നെ വ്യക്തമാക്കിയതാണ്. മിശ്രയും സച്ചാറും അവരുടെ റിപ്പോര്‍ട്ടുകള്‍ യഥാസമയം തന്നെ സമര്‍പ്പിച്ചിട്ടും നടപടികള്‍ ഇപ്പോഴും ഇഴഞ്ഞാണല്ലോ നീങ്ങുന്നത്.

            സംവരണ വഴിയില്‍ ഏറെ യാതനകള്‍ സഹിച്ച പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. ഗോപാല്‍സിംഗ്, മണ്ഡല്‍, നെട്ടൂര്‍, നരേന്ദ്രന്‍ കമ്മീഷനുകള്‍ സംവരണ വ്യവസ്ഥയെ കുറിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളോടൊപ്പം ലീഗ് ബഹുദൂരം സഞ്ചരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാലിപ്പോള്‍ ഒ ബി സി  ക്വാട്ടക്ക് പകരം ഈ കമ്മീഷനുകളുടെ നിര്‍ദേശ പ്രകാരമുള്ള സംവരണത്തിന് വേണ്ടി പാര്‍ട്ടിയുടെ എം പിമാര്‍ ശബ്ദമുയര്‍ത്താന്‍ വൈമുഖ്യം പ്രകടിപ്പിക്കുന്നത് കാണുമ്പോള്‍ വിസ്മയം തോന്നുന്നു. പ്രത്യേകിച്ചും മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉള്ളപ്പോള്‍.  കേന്ദ്ര മന്ത്രിസഭയുടെ നാലര ശതമാനം തീരുമാനത്തിനെതിരെ ലോകസഭയില്‍ ബി ജെ പി കത്തിക്കയറിയപ്പോഴും ലീഗ് എം പിമാര്‍ വാ തുറന്നത് കണ്ടില്ല.

           ലോക്പാല്‍ സമിതികളിലെ ഒമ്പതംഗങ്ങളില്‍ അമ്പത് ശതമാനം പട്ടികജാതി, ഒ ബി സി, വനിതകള്‍ തുടങ്ങിയവര്‍ക്ക് സംവരണം ചെയ്യണമെന്നായിരുന്നു പുതിയ ലോക്പാല്‍ ബില്ലിലെ വ്യവസ്ഥ. ഇത് നേരത്തെ ന്യൂനപക്ഷ സംവരണം വേണമെന്ന സര്‍വകക്ഷി തീരുമാനത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയത് ആര്‍ ജെ ഡി, എസ് പി, ബി എസ് പി, മുസ്‌ലിം മജ്‌ലിസ് തുടങ്ങിയ പാര്‍ട്ടികളാണ്. ന്യൂനപക്ഷ സംവരണമില്ലാതെ ലോക്പാല്‍ ബില്‍ അവതരിപ്പിക്കാന്‍ അനുവദിക്കുകയില്ലെന്ന് ശക്തമായി വാദിച്ചത് ലാലുപ്രസാദ് യാദവാണ്. നാലംഗങ്ങള്‍ മാത്രമേ ലാലുവിന് സഭയിലൂള്ളൂ. എന്നാല്‍ മൂന്നംഗങ്ങളുള്ള മുസ്‌ലിംലീഗ് ഇവിടെയും മൗനം പാലിക്കുന്നതാണ് കണ്ടത്. മജ്‌ലിസെ ഇത്തിഹാദുല്‍  മുസ്‌ലിമീന്റെ ഏക എം പി അസദുദ്ദീന്‍ ഉവൈസിയും ശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ പിശുക്ക് കാണിച്ചില്ല. ഈ വിഷയത്തില്‍  സഭ അവര്‍ സ്തംഭിപ്പിക്കുകയും ചെയ്തപ്പോഴാണ് സര്‍ക്കാര്‍ വഴിക്ക് വന്നത്. കോര്‍ അജണ്ടയായി ലോക്പാല്‍ സമിതിയില്‍ ന്യൂനപക്ഷ സംവരണവും ചേര്‍ത്താണ് പുതിയ ലോക്പാല്‍ ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചത്. ഒഴുക്കിനെതിരെ നീന്താന്‍ തയാറുണ്ടെങ്കില്‍ ലക്ഷ്യം കൈവരിക്കുക തന്നെ ചെയ്യുമെന്ന് നമുക്കിതിനെ വിശേഷിപ്പിക്കുകയുമാവാം.

2 comments:

  1. സംവരണത്തിന്റെ പേരില്‍ അനേകം ചാതിക്കുഴികള്‍ താണ്ടിയവരാണ് രാജ്യത്തെ പിന്നാക്ക സമുദായങ്ങളിലെ സമ്പന്നര്‍ എന്ന് കൂട്ടിച്ചേര്‍ക്കുക.
    ചൂഷണവ്യവസ്ഥയില്‍ അടിസ്ഥാനമായ സാമ്പത്തിക വ്യവസ്ഥയുള്ള ഒരു രാജ്യത്ത് സംവരണം ഒരു പരിഹാരമല്ല. ഒരു വഴിതെറ്റിക്കല്‍ മാത്രമാണ്.
    .

    ReplyDelete
  2. അറിയുവാനുള്ള ആശകൊണ്ട്‌ ചോദിക്കുകയാണു്, ലോകത്ത്‌ എത്ര രാജ്യങ്ങളിൽ സംവരണം നിലനിൽക്കുന്നുണ്ട്‌? സംവരണം ലഭിക്കുന്നവർ എന്ത്‌ പ്രത്യേകതയാണു് ആ രാജ്യത്തോട്‌ കാട്ടുന്നത്‌?

    ReplyDelete

Related Posts Plugin for WordPress, Blogger...