Monday, February 6, 2012

ഇത് അപ്രതീക്ഷിത വഴിത്തിരിവ്


            ഭരണകൂടവും പട്ടാളവുമെല്ലാം മര്‍ദ്ദകോപകരണമായി മാറിയ സിറിയയില്‍ ബശാറുല്‍ അസദിന്റെ സര്‍ക്കാരിനനുകൂലമായി യു എന്‍  രക്ഷാസമിതി പ്രമേയം വീറ്റോ ചെയ്ത റഷ്യയുടെയും ചൈനയുടെയും നടപടി അങ്ങേയറ്റം അപലപനീയമായിപ്പോയി. സിറിയയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ആരംഭിച്ച ജനകീയ പ്രക്ഷോഭത്തെ ചോരയില്‍ മുക്കിക്കൊല്ലുന്ന അസദ് ഭരണകൂടത്തിന്റെ നടപടിയെ അപലപിക്കണമെന്നാവശ്യപ്പെട്ട് രക്ഷാസമിതിയിലെ ഏക അറബ് രാഷ്ട്രമായ മൊറോക്കോ കൊണ്ടുവന്ന പ്രമേയം അപൂര്‍ണവും പക്ഷപാതപരവുമെന്ന് ആരോപിച്ചാണ് ഇരുരാജ്യങ്ങളുടെയും നടപടി. എന്നാല്‍ ചൈനയുടെയും റഷ്യയുടെയും നടപടിയില്‍ ഖേദം പ്രകടിപ്പിച്ച യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഐക്യരാഷ്ട്രസഭയുടെ പങ്കിന് തുരങ്കംവെക്കുന്ന പ്രവര്‍ത്തനമാണിതെന്നാണ് അഭിപ്രായപ്പെട്ടത്.
 
            സാധാരണ ഇത്തരം ഘട്ടങ്ങളില്‍ ലോക വികാരത്തിന് വിരുദ്ധമായി വീറ്റോ അധികാരം പ്രയോഗിക്കുന്ന രാഷ്ട്രങ്ങളാണ് അമേരിക്കയും സഖ്യ ശക്തികളും. അന്നൊക്കെ റഷ്യയും ചൈനയുമെല്ലാം  ജനപക്ഷത്തായിരുന്നെങ്കില്‍ ഇത്തവണ അവര്‍ സ്വീകരിച്ച വിചിത്രമായ സമീപനം സമാധാനകാംക്ഷികളായവരെയെല്ലാം നാണിപ്പിക്കുക തന്നെ ചെയ്തു. യു എസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, യൂറോപ്യന്‍ യൂനിയന്‍ എന്നിവരെ കൂടാതെ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍ നാഷണലും ചൈനക്കും റഷ്യക്കുമെതിരെ രംഗത്തെത്തിയിരിക്കുന്നു. ഇത്തരം ഒരു കൊള്ളരുതായ്മക്ക് കൂട്ടുനില്‍ക്കാന്‍ പറയുന്ന കാരണങ്ങള്‍ എന്തായാലും ആഗോള സമൂഹത്തിന്റെ കണ്ണില്‍ മാപ്പര്‍ഹിക്കാത്ത മഹാപരാധമാണ് ഇരുരാജ്യങ്ങളും അനുവര്‍ത്തിച്ചത്.

            നീണ്ട നാലുപതിറ്റാണ്ടായി സോഷ്യലിസം മറയാക്കി ശിയാ വംശീയതയുടെ തണലില്‍ ബശാറുല്‍ അസദും പിതാവ് ഹാഫിസുല്‍ അസദും സിറിയയില്‍ സ്വേച്ഛാധിപത്യവാഴ്ച നടത്തുന്നു. ഒരുവര്‍ഷം മുമ്പ് ടുണീഷ്യയില്‍ മുല്ലപ്പൂ വിപ്‌ളവത്തില്‍ പ്രസിഡണ്ട് സൈനുല്‍ ആബ്ദീന്‍ ബിന്‍ അലി അധികാരം ഒഴിയുകയും ഈജിപ്തില്‍ മൂന്നുപതിറ്റാണ്ട് പിന്നിട്ട ഹുസ്‌നി മുബാറക്ക് യുഗത്തിന് തിരശ്ശീല വീഴുകയും ചെയ്ത പശ്ചാത്തലത്തിലാണ് സിറിയന്‍ ജനത അസദിനെതിരെ തെരുവിലിറങ്ങിയത്. ഏകാധിപത്യ ഭരണകൂടങ്ങളുടെ പതനമായിരുന്നു എല്ലായിടത്തും ജനങ്ങളുടെ ആഗ്രഹം. അധികാരം കുടുംബസ്വത്താക്കിയ അസദിന്റെ കിങ്കരന്മാര്‍ക്ക് ദഹിക്കുന്നതായിരുന്നില്ല ആ പ്രക്ഷോഭം. സിറിയയിലും രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുക, നാല് പതിറ്റാണ്ടായി തുടരുന്ന അടിയന്തരാവസ്ഥ പിന്‍വലിക്കുക,  രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു സമരക്കാര്‍ ആദ്യം ഉന്നയിച്ചത്.  അടിയന്തരാവസ്ഥ പിന്‍വലിക്കുകയും തടവുകാരെ മോചിപ്പിക്കുകയും ചെയ്‌തെങ്കിലും പ്രക്ഷോഭകര്‍ക്കെതിരെ ശക്തമായ അടിച്ചമര്‍ത്തല്‍ നടപടികളാണ് കൈക്കൊണ്ടത്. ജനാധിപത്യം പുനസ്ഥാപിച്ചുകിട്ടുന്നതിന് രംഗത്തിറങ്ങിയ സ്വന്തം ജനതയെ ബോമ്പും തോക്കും ഉപയോഗിച്ച് അടിച്ചമര്‍ത്താനും തുടങ്ങി. ഇതുവരെ അയ്യായിരത്തിലേറെ പേര്‍ സിറിയയില്‍ കൊലചെയ്യപ്പെട്ടു.  പ്രക്ഷോഭം അരങ്ങേറിയ പ്രദേശങ്ങളിലെല്ലാം സായുധ സജ്ജരായ സൈനികവ്യൂഹങ്ങള്‍ പ്രക്ഷോഭകരെ നേരിടാന്‍ ജാഗ്രത പാലിക്കുന്നു. ബശ്ശാര്‍ അധികാരത്തില്‍ തുടരുവോളം രാജ്യത്ത് ജനാധിപത്യം പുലരില്ലെന്ന് ബോധ്യമായ സാഹചര്യത്തിലാണ് അദ്ദേഹം അധികാരമൊഴിയണമെന്ന ആവശ്യം യു എന്‍ രാജ്യങ്ങള്‍ക്കിടയിലും ശക്തമായത്. യു എന്‍ രക്ഷാസമിതിയിലെ 13 രാഷ്ട്രങ്ങളും ഈ ആവശ്യത്തിനും അറബ് സമാധാന പദ്ധതിക്കും പിന്തുണ നല്‍കിയിരിക്കുന്നു.

               സിറിയയില്‍ തുടരുന്ന കൂട്ടക്കുരുതിയുടെ ഉത്തരവാദിത്തം പ്രമേയം പരാജയപ്പെടുത്തിയ രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്നാണ് സിറിയന്‍ നാഷണല്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നത്. സിറിയന്‍ പ്രശ്‌നത്തില്‍ ഐക്യരാഷ്ട്ര സഭയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും പ്രവര്‍ത്തനങ്ങളും ഇതുവഴി അട്ടിമറിക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല അസദ് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്ക് വീറ്റോ പ്രോത്സാഹനമാവുകയും ചെയ്യും.

             സിറിയയില്‍ ബശറുല്‍ അസദിനെ കുറ്റപ്പെടുത്തി രക്ഷാസമിതിയില്‍ പ്രമേയം പാസാക്കാന്‍  അമേരിക്കയും കൂട്ടാളികളും നടത്തിയ ശ്രമം പരാജയപ്പെടുത്തിയെന്നാണ് റഷ്യയുടെയും ചൈനയുടെയും ന്യായം. പാശ്ചാത്യപിന്തുണയോടെയാണ് അവിടെ വിമതകലാപം ശക്തമായതെന്ന് പ്രചരിപ്പിക്കുന്ന റഷ്യയും ചൈനയും സത്യത്തില്‍ ആഗോള സമൂഹത്തെ വിഡ്ഢികളാക്കുകയാണ് ചെയ്യുന്നത്.  റഷ്യയും ചൈനയും സ്വീകരിക്കുന്നത്. നിലവിലുള്ള പ്രതിസന്ധിയെ മൂര്‍ഛിപ്പിക്കാന്‍ മാത്രമേ ഈ സമീപനം ഉപകരിക്കുകയുള്ളൂ.

           സിറിയന്‍ സര്‍ക്കാരും പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായ സാഹചര്യത്തില്‍  സംഘര്‍ഷം തടയാന്‍ വീറ്റോ ഉപകരിക്കുമെന്ന ന്യായം  ആരും വിശ്വസിക്കുകയില്ല. പ്രമേയം വീറ്റോ ചെയ്തതുകൊണ്ട് സിറിയയില്‍ ലിബിയ ആവര്‍ത്തിക്കാനുള്ള സാധ്യത തടയപ്പെട്ടു എന്ന് ചിന്തിക്കുന്നതിലും അര്‍ഥമില്ല. സിറിയയുമായുള്ള നയതന്ത്രബന്ധം എല്ലാ രാജ്യങ്ങളും അവസാനിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. റഷ്യയുടെയും ചൈനയുടെയും സാധനങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്നാണ് ജോര്‍ദാനിലെ മുസ്‌ലിം ബ്രദര്‍ഹുഡ് ആവശ്യപ്പെടുന്നത്.

             അമേരിക്കയാകട്ടെ സാമ്പത്തികമടക്കം സിറിയക്കെതിരെയുള്ള ഉപരോധം ശക്തമാക്കാന്‍ നടപടി തുടങ്ങിക്കഴിഞ്ഞു. സിറിയയെ നയിക്കാനുള്ള അവകാശം അസദിന് നഷ്ടപ്പെട്ടുവെന്ന് യു എസ് പ്രസിഡണ്ട് ബരാക് ഒബാമ പ്രസ്താവിക്കുകയുണ്ടായി. ഇന്ത്യയാകട്ടെ പ്രമേയത്തിനനുകൂലമായാണ് വോട്ട് ചെയ്തത്. 

               സിറിയന്‍ സര്‍ക്കാരിനനുകൂലമായി റഷ്യയും ചൈനയും ഇത് രണ്ടാംതവണയാണ് പ്രമേയം വീറ്റോ ചെയ്യുന്നത്. ജനങ്ങളെ കൊന്നൊടുക്കുന്നതില്‍നിന്ന് അസദ് ഭരണകൂടത്തെ പിന്തിരിപ്പിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള യു എന്‍ ഇടപെടലിനുള്ള സാധ്യതയാണ് വീറ്റോ വഴി കൊട്ടിയടക്കപ്പെട്ടത്. പ്രക്ഷോഭക തലസ്ഥാനമായ ഹോംസില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ട ദിവസം തന്നെയാണ് അസദിന് റഷ്യയും ചൈനയും പ്രത്യക്ഷ പിന്തുണയുമായി രംഗത്തെത്തിയതും. അസദ് അനുകൂലവീറ്റോ സിറയിയിലും മറ്റ് അറബ് രാജ്യങ്ങളിലും റഷ്യ വിരുദ്ധ വികാരം സൃഷ്ടിക്കാനേ ഉപകരിക്കൂ.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...