Thursday, February 9, 2012

അശ്‌ളീല വ്യവസായം കര്‍ണാടകത്തിലും


          തികച്ചും നിന്ദ്യവും അപമാനകരവുമായ വാര്‍ത്തയാണ് കര്‍ണാടകയില്‍നിന്ന് ശ്രവിച്ചത്. വര്‍ഗീയമായി ജനങ്ങളെ ഭിന്നിപ്പിച്ചാണ്  ബി ജെ പി അവിടെയും അധികാരത്തില്‍ വന്നതെങ്കിലും ആര്‍ഷ സംസ്‌കൃതിയുടെ മൊത്തക്കച്ചവടക്കാരില്‍നിന്ന് ഇത്തരമൊരു സാംസ്‌കാരികാധ:പതനം ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഭൂതകാലത്തിന്റെ സദാചാരബോധത്തില്‍ നിന്ന് എത്ര അകലെയാണ് നാമെന്നറിയാന്‍ ആവശ്യത്തിലേറെ അനുഭവങ്ങള്‍ നമ്മുടെ മുമ്പില്‍ തെളിവ് സഹിതം നിറഞ്ഞു കിടപ്പുണ്ട്. കര്‍ണാടക നിയമസഭക്കകത്ത് മൊബൈല്‍ ഫോണില്‍ അശ്‌ളീല വീഡിയോ വീക്ഷിച്ച മൂന്ന് ബി ജെ പി മന്ത്രിമാരുടെ നടപടി കയ്യോടെ പിടിക്കപ്പെട്ടതാണ് ഇതില്‍ അവസാനത്തേത്. സംസ്ഥാനത്തെ ബി ജെ പി സര്‍ക്കാര്‍  മന്ത്രിമാര്‍ക്കൊപ്പം നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കേന്ദ്ര നേതൃത്വം ഇടപെട്ട് അവരെ രാജിവെപ്പിച്ചത് സദാചാരഭാസുരമായ കാലം നിലനിന്നു കാണാനുള്ള കൊതികൊണ്ടൊന്നുമല്ല. തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരപ്രദേശില്‍ പാര്‍ടിക്ക് തിരിച്ചടി ഭയന്ന് മാത്രമാണ്.

          അധികാരത്തിലേറി മൂന്നുവര്‍ഷം പിന്നിടുമ്പോള്‍ ഇത് നാലാം തവണയാണ് കര്‍ണാടകയില്‍ ബി ജെ പി മന്ത്രിമാര്‍ ലൈംഗികാപവാദത്തിലും അശ്‌ളീല കാഴ്ചാകുടുക്കിലും പെടുന്നത്. എക്‌സൈസ് മന്ത്രി എ പി രേണുകാചാര്യ വിവാഹ വാഗ്ദാനം നല്‍കി നേഴ്‌സിനെ പീഡിപ്പിച്ചിരുന്നു. ഒന്നരവര്‍ഷം മുമ്പാണ് ഭക്ഷ്യമന്ത്രിയായിരുന്ന ഹര്‍ത്താലു ഹാലപ്പ സഹപ്രവര്‍ത്തകനായ ബി ജെ പി നേതാവിന്റെ ഭാര്യയെ മാനഭംഗപ്പെടുത്തിയതിനെ തുടര്‍ന്ന് രാജിവെച്ചത്. ഈ കേസില്‍ വിചാരണ നടക്കുകയാണ്. നിയമസഭയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് കര്‍ശന വിലക്ക് നിലനില്‍ക്കെ മന്ത്രിമാര്‍  തന്നെ കടുത്ത ചട്ടലംഘനത്തില്‍ ഏര്‍പ്പെട്ടത് ബി ജെ പിക്ക് പോലും നീതീകരിക്കാനാവാതെ വന്നു. മൊബൈല്‍ ഫോണില്‍ അശ്‌ളീല ചിത്രങ്ങള്‍ സൂക്ഷിക്കുന്നതും കാണുന്നതും സൈബര്‍ കുറ്റവുമാണ്. മറ്റൊരു വ്യക്തിയുടെ ഫോണില്‍നിന്ന് ഇത്തരം ചിത്രങ്ങള്‍ സ്വന്തം മൊബൈലിലേക്ക് വന്നാല്‍ വന്ന നമ്പര്‍ രേഖപ്പെടുത്തി പൊലീസില്‍ പരാതി നല്‍കണമെന്നാണ് വ്യവസ്ഥ. മന്ത്രിയെന്ന നിലയില്‍ ഈ ഉത്തരവാദിത്തം നിറവേറ്റുകയെന്നത് ഏറെ പ്രാധാന്യമുള്ളതുമാണ്.

          ഖനി അഴിമതിയുടെയും ഭൂമി കുംഭകോണത്തിന്റെയും പേരില്‍ മന്ത്രിമാരും മുഖ്യമന്ത്രി തന്നെയും ഗത്യന്തരമില്ലാതെ രാജിവെക്കേണ്ടിവന്ന സംസ്ഥാനമാണ് കര്‍ണാടക. സംസ്ഥാനത്തെ രൂക്ഷമായ വരള്‍ച്ചയെ സംബന്ധിച്ച് നിയമസഭയില്‍ ചര്‍ച്ച നടക്കവെയാണ് മന്ത്രിമാര്‍ മൊബൈലില്‍ അശ്‌ളീല ദൃശ്യങ്ങള്‍ ആസ്വദിച്ചത്. ഇതുവഴി ജനാധിപത്യത്തിന്റെ ശ്രീകോവില്‍ മലിനപ്പെടുത്തിയ മന്ത്രിമാരുടെ ഈ ചെയ്തി വാര്‍ത്താ ചാനലുകള്‍ പകര്‍ത്തി സംപ്രേഷണം ചെയ്യുകയായിരുന്നു. ഇതോടെ സംസ്ഥാനമാകെ ഇളകിമറിഞ്ഞു. മന്ത്രിമാരുടെ വീടുകള്‍ക്ക് നേരെ കല്ലേറുണ്ടായി. മൂവരുടെയും കോലം കത്തിച്ചു. അരുതാത്തതൊന്നും കണ്ടില്ലെന്ന മന്ത്രിമാരുടെ ന്യായീകരണമൊന്നും വിലപ്പോയില്ല. മന്ത്രിസ്ഥാനത്ത് നിന്ന് മാത്രമല്ല നിയമസഭാംഗത്വത്തില്‍ നിന്നുപോലും അയോഗ്യരാക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. മന്ത്രിമാര്‍ക്കെതിരെ പ്രതിപക്ഷം കോണ്‍ഗ്രസും ജനതാദള്‍ എസ്സും ശക്തമായ സമരവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. മൂവരേയും സ്ഥിരമായി സഭയില്‍നിന്ന് പുറത്താക്കണമെന്നാണവരുടെ ആവശ്യം.

           കരഞ്ഞും കാലുപിടിച്ചും ജനങ്ങളുടെ വോട്ട് ഇരന്നുവാങ്ങി ജയിച്ചുകയറുന്നവരില്‍ അധികം പേരും കടമകള്‍ മറക്കുക മാത്രമല്ല  കൊള്ളയും കൊള്ളരുതായ്മയും  സ്ത്രീപീഡനവുമെല്ലാം നടത്തി ജനാധിപത്യത്തില്‍ പുഴുക്കുത്തുകളായി മാറുന്ന അനുഭവം അത്യന്തം ഭീതിജനകമാണ്.  പാര്‍ലമെന്റിലായാലും നിയമസഭകളിലായാലും ചര്‍ച്ചകള്‍ക്ക് ചൈതന്യം പകരാനും പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ബാധ്യതപ്പെട്ടവര്‍, സഭയില്‍ ഹാജരാവാന്‍ പോലും മടിക്കുന്നു എന്നതാണവസ്ഥ.  ബില്ലുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ കാര്യക്ഷമമാവണമെങ്കില്‍ അവയെകുറിച്ച് ആഴത്തില്‍ പഠിക്കാനും സമയം കണ്ടെത്തണം. എം എല്‍ എയും എം പിയും മന്ത്രിയുമൊക്കെയായാല്‍  പിന്നെ പദവികളില്‍ അഭിരമിക്കാനും അഹങ്കരിക്കാനും പറ്റുമെങ്കില്‍ വളഞ്ഞ വഴിയില്‍ കോടികള്‍ കൊയ്‌തെടുക്കാനുമാണ് മിക്കവരും സമയം കാണുന്നത്. മുടക്കം കൂടാതെ പങ്കെടുക്കുന്നവരില്‍ ചിലര്‍ക്ക്  സഭ സുഖനിദ്രക്കുള്ള ഇടം മാത്രമാണ്.

           സമൂഹത്തിലെ പൊതുവായ ധാര്‍മികത്തകര്‍ച്ചയുടെ പരിച്ഛേദമായി കര്‍ണാടക സംഭവത്തെ കാണുന്നതില്‍ തെറ്റില്ല. സാമൂഹിക ജീര്‍ണതയും സാംസ്‌കാരികാധ:പതനവും നമ്മെ എത്രമാത്രം ഗ്രസിച്ചിരിക്കുന്നുവെന്നതിന് തെളിവുകള്‍ തിരഞ്ഞ് കര്‍ണാടക വരെ പോകണമെന്നില്ല. ഇത്തരം നെറികേടുകള്‍ ആരുടെയും തറവാട്ടുവകയല്ലെന്ന് കേരളവും തെളിയിച്ചിട്ടുണ്ട്. ഭൂതകാലത്തെ സദാചാരബോധത്തില്‍ നിന്ന് ഇവിടുത്തെ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളില്‍ പലരും എത്രയോ അകലെയാണ്. ജനങ്ങള്‍ കക്ഷിഭേദം മറന്ന്  മന്ത്രിമാരെ ഓടിച്ചിട്ട്  രാജിവെപ്പിച്ച അനുഭവവും ഇവിടെത്തന്നെയാണുള്ളത്. അങ്ങനെ നോക്കുമ്പോള്‍ കര്‍ണാടക്കാര്‍ കേരളത്തേക്കാള്‍ എത്രയോ ഭേദം. അവര്‍ ആരോപണം  വന്നപ്പോള്‍ തന്നെ രാജിവെച്ച് മാറി നിന്നല്ലോ.

           കടന്നുപോയ നേതാക്കളുടെ ജീവിതാനുഭവങ്ങള്‍ മനസ്സിലാക്കിയവരല്ല ഇപ്പോള്‍ മിക്ക രാഷ്ട്രീയകക്ഷികളുടെയും അമരത്തിരിക്കുന്നത്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ശത്രുക്കള്‍ വരെ മതവും രാഷ്ട്രീയവും കൈകാര്യം ചെയ്യുന്ന കലികാലമാണിത്. അതുകൊണ്ട്  പൊള്ളുന്ന അനേകം അനുഭവങ്ങള്‍ക്ക് ഇനിയും നാം ദൃക്‌സാക്ഷികളാവേണ്ടിവരും. ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും സാംസ്‌കാരിക നിലവാരം താഴുകയാണ്. പദവിയുടെയും പ്രസിദ്ധിയുടെയും നെറുകയില്‍ പ്രതിഷ്ഠിക്കപ്പെടുന്നവരുടെ സാംസ്‌കാരിക നിലവാരമാണ് അഴിമതിക്കും അശ്‌ളീലതക്കും തഴച്ചുവളരാന്‍ കളമൊരുക്കുന്നത്. ഏത് അത്യാചാരവും പഥ്യമായി കരുതുന്നവരെ കുടഞ്ഞെറിയാനുള്ള ധാര്‍മികപ്രതിബദ്ധതയും പൗരബോധവും ജനങ്ങള്‍ പ്രകടിപ്പിക്കും വരെ ഇതു തുടരുക തന്നെ ചെയ്യും.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...