Friday, December 31, 2010

രാജസ്ഥാനിലെ സംവരണ പ്രക്ഷോഭം


        സര്‍ക്കാര്‍ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഞ്ച് ശതമാനം പ്രത്യേക സംവരണം ആവശ്യപ്പെട്ടുകൊണ്ട് രാജസ്ഥാനില്‍ ഗുജ്ജാറുകള്‍ നടത്തുന്ന സമരം ഒമ്പത് ദിവസം പിന്നിട്ടിരിക്കുന്നു. ദിവസങ്ങള്‍ കഴിയുന്തോറും പ്രക്ഷോഭം ശക്തിപ്രാപിക്കുകയാണ്. ഇതുമൂലം വടക്കെ ഇന്ത്യയിലെ റയില്‍ ഗതാഗതം ആകെ തടസ്സപ്പെട്ടു. ദേശീയപാതയിലൂടെയുള്ള ഗതാഗതവും താറുമാറായി. ജയ്പൂര്‍-ഡല്‍ഹി ഹൈവേയില്‍ ഒരു സംഘം യുവാക്കള്‍ ലോറി തടഞ്ഞുനിര്‍ത്തി കത്തിച്ചു. പാരാ മിലിറ്ററി ഫോഴ്‌സിനെ രാജസ്ഥാനില്‍ വിന്യസിക്കേണ്ട അവസ്ഥയിലെത്തി കാര്യങ്ങള്‍. കേരളത്തിലേക്കുള്ള ട്രെയിനുകളെയും സമരം ബാധിച്ചുതുടങ്ങിയിരിക്കുന്നു.

        കഴിഞ്ഞ ഏഴുവര്‍ഷമായി ഗുജ്ജാറുകള്‍ ഈ ആവശ്യം നേടിയെടുക്കാന്‍ ശബ്ദമുയര്‍ത്തുന്നു.   2007മുതല്‍  അവര്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ച് വരികയാണ്. 15 പേര്‍  ഇതിനകം കൊല്ലപ്പെടുകയും ചെയ്തു. അന്ന് രാജസ്ഥാന്‍ ബി ജെ പി ഭരണത്തിലായിരുന്നു. മുഖ്യമന്ത്രിയായിരുന്ന വസുന്ധരരാജ സിന്ധ്യയും ഗുജ്ജാര്‍ പ്രതിനിധി സംഘവും തമ്മില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് പ്രക്ഷോഭം അവസാനിപ്പിച്ചുവെങ്കിലും പട്ടികജാതി പദവി വേണമെന്ന അവരുടെ ആവശ്യം മാത്രം പൂവണിഞ്ഞില്ല. സമരത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച്‌ലക്ഷം രൂപ വീതം നഷ്ടപരിഹാരം കിട്ടിയത് മാത്രം മിച്ചം. പട്ടികജാതി പദവി നിര്‍ണയിക്കുന്നതിന് റിട്ടയര്‍ഡ് ഹൈക്കോടതി ജഡ്ജിയുടെട നേതൃത്വത്തില്‍ സമിതിയുണ്ടാക്കി മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നുവെങ്കിലും അതും ലക്ഷ്യംകണ്ടില്ല.

        അലഞ്ഞുതിരിഞ്ഞു നടക്കുന്ന നാടോടി വര്‍ഗക്കാരാണ് ഗുജ്ജാറുകള്‍. ജാതി സ്പര്‍ധ ശക്തമായി വേരോടിയ രാജസ്ഥാനില്‍ ഗുജ്ജാറുകളുടെ പുരോഗതിക്ക് വിലങ്ങുതടിയായി വര്‍ത്തിക്കുന്നത് അവിടത്തെ പ്രബല സമുദായമായ മീണരുടെ കടുത്ത എതിര്‍പ്പാണ്. ജാതി സംവരണം അമ്പതുശതമാനത്തില്‍ കൂടരുതെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ രാജസ്ഥാന്‍ ഹൈക്കോടതി ഗുജ്ജാറുകളുടെ അഞ്ച്ശതമാനം സംവരണം തടഞ്ഞതും വലിയ തിരിച്ചടിയായി. എന്നാല്‍ തങ്ങളുടെ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണിവര്‍. ആനുകൂല്യം ലഭിക്കുംവരെ പ്രക്ഷോഭത്തില്‍നിന്ന് പിന്തിരിയില്ലെന്ന വാശിയിലുമാണവര്‍.

        ബി ജെ പി ഭരണത്തില്‍ ഗുജ്ജാറുകളുടെ സമരത്തെ ന്യായീകരിച്ച കോണ്‍ഗ്രസാണ് ഇപ്പോള്‍ രാജസ്ഥാന്‍ ഭരിക്കുന്നത്. സംവരണത്തിന് വേണ്ടി സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഗുജ്ജാറുകള്‍ സമരം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. അജ്മീറില്‍ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടാനും വാഹനങ്ങള്‍ ഓടിക്കരുതെന്നും അവര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നു. ഊര്‍ജമന്ത്രി ജിതേന്ദ്രസിങ്ങുമായി ഗുജ്ജാര്‍ നേതാവ് കിരോരി സിങ്ങ് ബൈന്‍സ്‌ലേ ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല.

        സാമൂഹ്യ-വിദ്യാഭ്യാസ മേഖലകളില്‍ മാറ്റിനിര്‍ത്തപ്പെട്ട വലിയ വിഭാഗം ജനങ്ങള്‍ ഇന്ത്യയിലുണ്ട്. അവര്‍ക്ക് വേണ്ടത് അധികാരിവര്‍ഗത്തിന്റെ മാമൂല്‍ സാന്ത്വനമല്ല. പ്രബല വിഭാഗത്തിന്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടമായി ഇത്തരം സമരങ്ങളെ കാണാന്‍ നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഭരണാധികാരികള്‍ക്കും ചിലപ്പോഴെക്കെ കോടതികള്‍ക്കും കഴിയാതെ പോകുന്നു. വിരലിലെണ്ണാവുന്ന സ്റ്റേറ്റുകളിലേ ഇന്ന് സംവരണം നിലവിലുള്ളൂ. പട്ടികജാതി- പട്ടികവര്‍ഗങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കാം. ഗുജ്ജാറുകള്‍  തങ്ങളെ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യപ്പെടുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ സംവരണം അമ്പത്ശതമാനത്തില്‍ നിന്നില്ലെന്നു വരും. അതിനെ മറികടക്കാനുള്ള വഴി സര്‍ക്കാര്‍ അന്വേഷിക്കേണ്ടതുണ്ട്.
തമിള്‍നാടിനെ ഇക്കാര്യത്തില്‍ മാതൃകയാക്കാമെന്ന് തോന്നുന്നു. അവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സര്‍വീസിലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് 69 ശതമാനമാണ് സംവരണം. 1993ലാണ് സംവരണം 69 ശതമാനമാക്കി ഉയര്‍ത്തിയത്. കോടതികളുടെ പുന:പരിശോധന ഒഴിവാക്കാന്‍ ഇത് ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ആകെ സംവരണം അമ്പത് ശതമാനത്തില്‍ കവിയരുതെന്ന സുപ്രീം കോടതി വിധിക്കെതിരാണെന്ന് ചൂണ്ടിക്കാട്ടി ഒരഭിഭാഷകന്‍ ഈ നിയമത്തിന്റെ സാധുതയെ ചോദ്യം ചെയ്‌തെങ്കിലും ഒരു വര്‍ഷത്തേക്ക് കൂടി സംവരണം തുടരാനാണ് ഉന്നത നീതിപീഠം ഉത്തരവായത്.

        നീതിനിര്‍വഹണത്തിന്റെ നിഷ്പക്ഷതക്ക് ഇന്ത്യയെ പോലെ 80 ശതമാനം പിന്നാക്ക വിഭാഗങ്ങള്‍ അധിവസിക്കുന്ന ഒരു രാജ്യത്ത് സംവരണം അനിവാര്യമാണ്. എക്കാലവും അതു തുടരേണ്ടതുണ്ടെന്ന അഭിപ്രായമില്ല. എല്ലാ വിഭാഗം ജനങ്ങള്‍ക്കും വിദ്യാഭ്യാസ-തൊഴില്‍ മേഖലയില്‍ തുല്യനീതി ഉറപ്പുവരുത്തുന്ന ദിവസം സംവരണം എടുത്തുകളയാം. അതിന് എത്രകാലം കാത്തിരിക്കേണ്ടിവരും എന്ന് നിശ്ചയിക്കേണ്ടത് ഭരണകൂടമാണ്. മാറിമാറി വരുന്ന സര്‍ക്കാരുകളുടെയും അവയെ നിയന്ത്രിക്കുന്ന രാഷ്ട്രീയകക്ഷികളുടെയും ശിക്ഷാര്‍ഹമായ അലംഭാവമാണ് പ്രശ്‌നങ്ങള്‍ വഷളാക്കുന്നതും പ്രക്ഷോഭങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതും. ജാതി, സമുദായ സമവാക്യങ്ങളില്‍ നിന്ന് രാജ്യം സമീപഭാവിയിലൊന്നും  രക്ഷപ്പെടില്ലെന്നും അവരുടെ പിന്നോക്കാവസ്ഥ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളുടെ അഭാവത്തില്‍ ഇനിയുമേറെ കാലം തുടരുമെന്നും നന്നായി അറിയുന്നതും അവര്‍ക്കാണല്ലോ.

        ഗുജ്ജാര്‍ സമരത്തിന്റെ പിന്നില്‍ ബി ജെ പിയാണെന്ന് മുഖ്യമന്ത്രി ഗഹലോട്ട് ആരോപിച്ചിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ മകന്റെ വിവാഹത്തിനിടെ നാഗ്പൂരിലാണ് ഇതിനുള്ള ഉപജാപം നടന്നതെന്നും അദ്ദേഹം പറയുന്നു. ശരിയായിരിക്കാം. ഒരു തിരിച്ചുവരവ് ബി ജെ പിയുടെ അജണ്ടയിലുണ്ടാവുക സ്വാഭാവികം. അതുകൊണ്ട് ഗുജ്ജാറുകളുടെ ആവശ്യം ന്യായമല്ലെന്ന് വരുമോ?  മുതലെടുപ്പിന് ഇതര കക്ഷികള്‍ക്ക് അവസരം കൊടുക്കാതിരിക്കുന്നതിന് പകരം രാഷ്ട്രീയപ്രേരിതം എന്ന്  കുറ്റപ്പെടുത്തി കൈകകഴുകുന്നത് ശരിയാണോ?

Wednesday, December 29, 2010

കോണ്‍ഗ്രസ് മടങ്ങട്ടെ ഗാന്ധിജിയിലേക്ക്



        നൂറ്റാണ്ടിനപ്പുറവും ഇപ്പുറവും ഒരു നിര്‍ണായക ശക്തിയായി നിലകൊള്ളാന്‍ ഭാഗ്യം സിദ്ധിച്ച രാജ്യത്തെ ഏക രാഷ്ട്രീയകക്ഷിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. 1885 ഡിസമ്പര്‍ 28ന് ജന്മംകൊണ്ട പാര്‍ട്ടി 125 വര്‍ഷം പിന്നിടുമ്പോഴും ലോകത്തിലെ തന്നെ ഏറ്റവും വലിയ മതേതര ജനാധിപത്യ പ്രസ്ഥാനമെന്ന അതിന്റെ സല്‍കീര്‍ത്തി ഒരു പരിധിവരെ നിലനിര്‍ത്തിയെന്ന്  പ്രവര്‍ത്തകന്മാര്‍ക്കും നേതാക്കള്‍ക്കും അവകാശപ്പെടാം. ഇന്ത്യക്കാരന്റെ നേരും നെടുവീര്‍പ്പുകളും ഇത്രയേറെ ഏറ്റുവാങ്ങിയ മറ്റൊരു രാഷ്ട്രീയകക്ഷിയും ഇന്ത്യയിലില്ലെന്ന് തീര്‍ത്തുപറയാം. ആയുസ്സിന്റെ ആദ്യപകുതിയില്‍ കോണ്‍ഗ്രസ് നേരിട്ടത് പാരതന്ത്ര്യത്തിന്റെ വെല്ലുവിളികളായിരുന്നെങ്കില്‍ കാലചക്രം കറങ്ങിയെത്തുമ്പോള്‍ ബ്രിട്ടീഷുകാരനായ എ ഒ ഹ്യൂമില്‍ നിന്ന് ഇറ്റലിക്കാരിയായ സോണിയാഗാന്ധിയെത്തിയത് ആകസ്മികമാകാമെങ്കിലും ചിന്തിക്കുന്നവര്‍ക്ക് അതില്‍ വലിയ ഗുണപാഠങ്ങള്‍ കണ്ടെത്താനാവും.
പാര്‍ട്ടിയുടെ തുടക്കം പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നുവെങ്കിലും തുടര്‍ച്ച വിസ്മയകരമായിരുന്നു. കോണ്‍ഗ്രസിനെ വലിയൊരു വിമോചനപ്രസ്ഥാനമാക്കിയത് മഹാത്മാഗാന്ധിയാണ്. ഇതിന് ഗാന്ധിജി ഉപയോഗപ്പെടുത്തിയ മഹാ ആയുധം ഒരു മരച്ചര്‍ക്കയായിരുന്നു. അലന്‍ ഒക്‌ടേവിയന്‍ ഹ്യൂം എന്ന സ്‌കോട്‌ലന്റുകാരന്‍ സായ്പ് സ്ഥാപിച്ച കോണ്‍ഗ്രസ് പാര്‍ട്ടി തുടക്കത്തില്‍ ഇന്ത്യന്‍ അഭിജാത വര്‍ഗത്തിന്റെ ഒരു ക്‌ളബ്ബ് മാത്രമായിരുന്നു. ഇംഗ്‌ളണ്ടില്‍ നിലനിന്ന മാനവസമത്വ സങ്കല്‍പമാണ് അതിന്റെ പ്രയാണഗതിയില്‍ സ്വാധീനം ചെലുത്തിയത്. ദേശീയബോധവും അനുരഞ്ജനങ്ങള്‍ക്ക് വഴങ്ങാത്ത സ്വാതന്ത്ര്യദാഹവും അതിന്റെ ഫലമായി ഉണ്ടായതാണ്.

        സ്വാതന്ത്ര്യസമരത്തിന്റെ വിവിധ വഴികളിലൂടെ കടന്നുവന്ന കോണ്‍ഗ്രസ് തന്നെയാണ് രാജ്യം ഏറ്റവും കൂടുതല്‍ കാലം ഭരിച്ചതും. ആരുടെയും ഔദാര്യമില്ലാതെ കേന്ദ്രവും സംസ്ഥാനങ്ങളും  കയ്യിലിട്ട് അമ്മാനമാടാന്‍ കിട്ടിയ അവസരം യഥാവിധി പ്രയോജനപ്പെടുത്താതിരുന്നതിന്റെ അനിവാര്യ ഫലമാണ് പാര്‍ട്ടിക്ക് പിന്നീട് അടിക്കടിയുണ്ടായ ശക്തിക്ഷയം. ഗാന്ധിജി അനാസക്തിയിലൂടെയും സഹനത്തിലൂടെയും സംഘശക്തി സമാഹരിക്കാനാണ് ശ്രമിച്ചത്. അദ്ദേഹം പ്രകടിപ്പിച്ച അനിതരസാധാരണമായ കഴിവും മനസ്ഥൈര്യവും ശിശുസഹജമായ നിഷ്‌ക്കളങ്കതയും സ്വാതന്ത്യമുള്‍പ്പെടെ കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങള്‍ കൊയ്യാന്‍ സഹായകമായി. ഉത്തമരും കര്‍മനിരതരുമായ നേതൃത്വത്തിന്റെ കൈകളില്‍ രാജ്യത്തിന്റെ ഭാഗധേയം ഏല്‍പിച്ചതിന് ശേഷമാണ് ആ മഹാത്മാവ് ചരിത്രത്തിലേക്ക് കയറിപ്പോയത്. രാഷ്ട്രീയപ്രവര്‍ത്തനം സമര്‍പ്പിതമായ തപസ്യയാണെന്ന് സ്വജീവിതത്തിലൂടെ തെളിയിച്ച അപൂര്‍വ വ്യക്തിത്വങ്ങളായിരുന്നു രാഷ്ട്രപിതാവിന്റെ സഹപ്രവര്‍ത്തകരും. തികവും മികവും സനിഷ്‌ക്കര്‍ഷം പുലര്‍ത്തിയ അവര്‍ രാജ്യതന്ത്രജ്ഞതയുടെ പട്ടുപാതയിലൂടെ ഇന്ത്യയെ മുമ്പോട്ടുനയിക്കാന്‍ പരമാവധി പരിശ്രമിക്കുകയുണ്ടായി. പണ്ഡിറ്റ് നെഹറുവും ലാല്‍ ബഹദൂര്‍ ശാസ്ത്രിയും അബുല്‍കലാം ആസാദും പട്ടേലും മൊറാര്‍ജി ദേശായിയും ഇന്ദിരയുമെല്ലാം അക്കൂട്ടത്തില്‍പെടും. 

        പ്രതിഭാ ദാരിദ്ര്യമായിരുന്നു പിന്നീട് നേതൃത്വത്തില്‍ വന്നവരുടെ പ്രധാന പ്രതിസന്ധി. രാഷ്ട്രീയക്കാര്‍ സദാചാരത്തിന്റെ മൂര്‍ത്തികളായിരിക്കണമെന്ന ചിന്തക്ക് അതോടെ മങ്ങലേറ്റുതുടങ്ങി.  പൊതുജീവിതത്തിന്റെ സംശുദ്ധിയും ലാളിത്യവും കൈമോശം വന്നതോടെ പാര്‍ട്ടി പ്രവര്‍ത്തനം മാത്രമല്ല ഭരണക്രമവും താളുതെറ്റി. ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുമ്പോഴും അക്രമികള്‍ക്ക് മുമ്പില്‍ നേതൃത്വം മുട്ടുമടക്കുന്നത് രാജ്യം വേദനയോടെ കണ്ടു. സ്‌ഫോടകശേഷിയുള്ള പ്രശ്‌നങ്ങളെ വിലകൊടുത്ത് വാങ്ങിയ രാജീവ്ഗാന്ധിയും നരസിംഹറാവുവും അത് സമ്മാനിച്ച  തിക്താനുഭവങ്ങള്‍ക്ക് മുന്നില്‍ പകച്ചുനിന്നു.

        കോണ്‍ഗ്രസിന്റെ പാരമ്പര്യത്തെ ആരും ചോദ്യംചെയ്യില്ല. അതിന്റെ പൈതൃകത്തെ തള്ളിപ്പറയാനും നിഷേധിക്കാനും ആര്‍ക്കും കഴിയുകയുമില്ല. എന്നാല്‍ ഇല്ലായ്മയുടെ വറുതിത്തറയില്‍ വലിയ ബാധ്യതകളോടെ രാജ്യത്തെയെത്തിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് അവര്‍ക്ക് ഒരിക്കലും കൈകഴുകാനാവില്ല. കള്ളപ്പണക്കാരും അഴിമതിക്കാരും കൂറുമാറ്റക്കാരും മാഫിയാ സംഘങ്ങളും രാജ്യത്തിന്റെ പുരോഗതിയില്‍ പ്രതിസന്ധി സൃഷ്ടിച്ചതിലും കോണ്‍ഗ്രസിന്റെ സംഭാവന ചെറുതല്ല. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണല്ലോ 2ജി സ്‌പെക്ട്രം അഴിമതി. 175000 കോടി രൂപയുടെ അഴിമതിയെന്നത് 120 കോടി ജനങ്ങളുള്ള രാജ്യത്തിന് താങ്ങാവുന്നതാണോ? ഇത്തരം വിവാദപ്രശ്‌നങ്ങളില്‍ പെട്ട് പാര്‍ലമെന്റ് പോലും ആഴ്ചകളോളം സ്തംഭിക്കുന്ന അവസ്ഥയെ  കോണ്‍ഗ്രസ് നേരിട്ട രീതി കണ്ടാലറിയാം ഊരിലെ പഞ്ഞം.

        ഇതിനിടയില്‍ കോണ്‍ഗ്രസിനെ പലവട്ടം ജനങ്ങള്‍ കൈവിടാന്‍ നിര്‍ബന്ധിതമായി. പലരേയും ജനം മാറിമാറി പരീക്ഷിച്ചുനോക്കി. പകരക്കാരിലും നല്ലൊരു പങ്ക് പഴയ കോണ്‍ഗ്രസുകാര്‍ തന്നെയായിരുന്നു. അധികാരമെന്ന ലക്ഷ്യത്തിലേക്കുള്ള അന്ധമായ കുതിപ്പില്‍   ആദര്‍ശങ്ങളും തത്വങ്ങളും അവരും കയ്യൊഴിയുന്നത് കണ്ടപ്പോഴാണ് തമ്മില്‍ ഭേദം തൊമ്മനെന്ന നിലയില്‍ ജനങ്ങള്‍ പിന്നെയും പഴയ കോണ്‍ഗ്രസിനെ തന്നെ വരിക്കാന്‍ നിര്‍ബന്ധിതരായത്. കോണ്‍ഗ്രസിന്റെ  ഒറ്റകക്ഷി ഭരണം എന്ന അഹങ്കാരം അവസാനിപ്പിച്ചുവെന്നത് ഇന്ത്യന്‍ജനതക്ക് ഒരു ബഹുമതിയായി അവകാശപ്പെടാമെന്ന് തോന്നുന്നു.

        നരസിംഹറാവുവിന് ശേഷം പ്രതിസന്ധിയില്‍ വലഞ്ഞ കോണ്‍ഗ്രസിന് രക്ഷയായി വര്‍ത്തിച്ചത് സോണിയാഗാന്ധിയാണെന്ന വസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ല. ആഗോളവല്‍ക്കരണത്തിലും സാമ്രാജ്യത്വ ദാസ്യത്തിലും അല്പം മുന്നിലാണെങ്കിലും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്റെ പ്രകടനവും പാര്‍ട്ടിയെ വലിയ പരുക്കേല്‍ക്കാതെ  നിലനിര്‍ത്തുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്. ഇനിയും രാജ്യത്ത് ശോഭനമായ ഭാവിയുള്ള പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണ്. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാനും വളരാനും അവര്‍ക്ക് കഴിയുന്നില്ലെന്നത് മറ്റൊരു കാര്യം. 126-#ാ#ം വയസ്സിലേക്ക് കടക്കുമ്പോഴെങ്കിലും അവര്‍ ആത്മപരിശോധന നടത്തുമെന്ന് പ്രത്യാശിക്കാം.

Monday, December 27, 2010

വിക്ഷേപണ പരാജയം: വിശദീകരണത്തില്‍ ഒതുങ്ങരുത്


       ക്രിസ്തുമസ് ദിനത്തില്‍ ഏറെ പ്രതീക്ഷയോടെ ഇന്ത്യ നടത്തിയ ജിസാറ്റ് ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടുവെന്നത് രാജ്യത്തിന്റെ ബഹിരാകാശദൗത്യങ്ങള്‍ക്ക് വലിയ ആഘാതം ഏല്‍പ്പിക്കുമെന്നുറപ്പാണ്. രാജ്യത്തിന്റെ ഏറ്റവും വലിയ അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ്-5 പിയുമായി ഐ എസ് ആര്‍ ഒയുടെ ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന്  കുതിച്ചുയര്‍ന്ന ജി എസ് എല്‍ വി എഫ് 06 റോക്കറ്റാണ് വിക്ഷേപിച്ച് ഒരു മിനുട്ടിനകം നിയന്ത്രണം നഷ്ടപ്പെട്ടതിനാല്‍ തകര്‍ക്കേണ്ടിവന്നത്. നിയന്ത്രിച്ച് കടലില്‍ വീഴ്ത്താനുള്ള ശ്രമം പരാജയപ്പെട്ടതിനാല്‍ ജനവാസകേന്ദ്രങ്ങളില്‍  ദുരന്തം ഒഴിവാക്കാനാണ്  പുറംചട്ടക്കുള്ളില്‍ ഘടിപ്പിച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് റോക്കറ്റ് തകര്‍ത്തുകളഞ്ഞത്.
ഭൂമിയില്‍നിന്ന് ഏകദേശം എട്ടുകിലോമീറ്റര്‍ ഉയരത്തിലും ശ്രീഹരിക്കോട്ടയില്‍നിന്ന് രണ്ടര കിലോമീറ്റര്‍ ദൂരത്തിലും എത്തിയപ്പോഴാണ് സ്‌ഫോടനം നടത്തിയത്. റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചിതറി വീണപ്പോള്‍  ഖജനാവിന് നഷ്ടമായത് 350 കോടി രൂപയാണ്. ജി എസ് എല്‍ വി റോക്കറ്റിന് 175 കോടി രൂപയാണ് നിര്‍മാമച്ചെലവ്. ജിസാറ്റ് ഉപഗ്രത്തിന് 150 കോടിയും. ഈ മാസം 20ന് നടത്താനിരുന്ന വിക്ഷേപണം ക്രയോജനിക് എഞ്ചിനില്‍ കണ്ടെത്തിയ ചോര്‍ച്ചമൂലമാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. സാമ്പത്തിക നഷ്ടത്തേക്കാള്‍ വലുതായി നാം കണ്ടത് അതിന്റെ വിജയകരമായ വിക്ഷേപണംകൊണ്ട് ലക്ഷ്യംവെച്ച ശാസ്ത്രസാങ്കേതിക നേട്ടങ്ങളായിരുന്നു. പരാജയത്തിന്റെ  പശ്ചാത്തലത്തില്‍ അത് സ്വന്തമാക്കാന്‍ ഇനിയും ഏത്രനാള്‍ കാത്തിരിക്കേണ്ടിവരുമെന്ന് പറയാനാവില്ല. പ്രതിഭാശക്തിയില്‍ അദ്വിതീയരും സാങ്കേതികമികവില്‍ കേമന്മാരുമാണ് നമ്മുടെ ശാസ്ത്രജ്ഞന്മാരെങ്കിലും ബഹിരാകാശ ദുരന്തങ്ങള്‍ക്ക് ശുഭപരിണതി ആര്‍ജ്ജിക്കാന്‍ അവര്‍ക്ക് കഴിയാതെ പോകുന്നതെന്തുകൊണ്ട് എന്ന് ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു.

       ജി എസ് എല്‍ വി റോക്കറ്റ് ഇക്കൊല്ലം തുടര്‍ച്ചയായി രണ്ടാംതവണയാണ് പരാജയപ്പെടുന്നത്. ഏപ്രില്‍ 15ന് ഐ എസ് ആര്‍ ഒയുടെ സ്വന്തം ക്രയോജനിക് എഞ്ചിന്‍ പരീക്ഷിച്ച റോക്കറ്റും തകര്‍ന്നു വീണിരുന്നു. റഷ്യന്‍ ക്രയോജനിക് എഞ്ചിന്‍ ഉപയോഗിച്ച റോക്കറ്റാണ് കഴിഞ്ഞ ദിവസം പരാജയപ്പെട്ടത്. ഈ പരാജയങ്ങള്‍ ഇന്ത്യയുടെ കമ്യൂണിക്കേഷന്‍ സംവിധാനങ്ങളെ ചുരുങ്ങിയ പക്ഷം രണ്ടുവര്‍ഷമെങ്കിലും പിന്നിലാക്കുമെന്നുറപ്പാണ്. ടെലികോം, ടി വി,  ടെലി മെഡിസിന്‍, കാലാവസ്ഥ പ്രവചനം, കൃഷി തുടങ്ങിയ നിരവധി മേഖലകള്‍ക്ക് പ്രയോജനപ്പെടേണ്ടതായിരുന്നു ജിസാറ്റ് ഉപഗ്രഹം.
ജി എസ് എല്‍ വി റോക്കറ്റിന്റെ പരാജയങ്ങളാണ് ചന്ദ്രയാന്‍-2 ഉള്‍പ്പെടെയുള്ള ഭാവി ദൗത്യങ്ങള്‍ക്കുമേല്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നത്. കാരണം ചന്ദ്രയാന്‍ പോലുള്ള വലിയ ദൗത്യങ്ങള്‍ക്ക് ജി എസ് എല്‍ വി റോക്കറ്റാണ് വേണ്ടത്. 2001ന് ശേഷം ഇന്ത്യ വിക്ഷേപിച്ച ഏഴ് ജി എസ് എല്‍ വി റോക്കററുകളില്‍ നാലും പരാജയപ്പെടുകയായിരുന്നു. ഈ റോക്കററുകള്‍ കരുത്തുതെളിയിച്ചുവെന്ന് അവകാശപ്പെടുന്ന  ഐ എസ് ആര്‍ ഒ മേധാവികള്‍ പരാജയത്തിന് തൃപ്തികരമായ കാരണങ്ങള്‍ നിരത്താന്‍ ഇതുവരെ തയാറായിട്ടില്ല. തികച്ചും നിസ്സാരമായ ഒരു പിഴവില്‍ തട്ടിയാണ് ജി എസ് എല്‍ വി ശനിയാഴ്ച പരാജയപ്പെട്ടതെന്നാണ് വാദം. പിഴവുകള്‍ ചെറുതായാലും വലുതായാലും സംഭവിക്കുന്നത് ഭീമമായ നഷ്ടവും നികത്താനാവാത്ത മാനഹാനിയുമാണല്ലോ. തിരിച്ചടികളെ താല്‍ക്കാലികമെന്നും നിസ്സാരമെന്നും വിലയിരുത്തി  അപരാധങ്ങളില്‍നിന്ന് കൈകഴുകുന്ന നിരീക്ഷണ ബുദ്ധികള്‍ യഥാര്‍ഥത്തില്‍ തളര്‍ച്ചയുടെ പടവുകളിലേക്കാണ് രാജ്യത്തെ നയിക്കുന്നത്.

       കൗണ്ട് ഡൗണ്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് എന്‍ജിനില്‍ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് 20ന് വിക്ഷേപണം മാറ്റിവെച്ചത്. ചോര്‍ച്ച അടച്ച് നടത്തിയ വിക്ഷേപണവും വിജയിക്കാതെ പോയപ്പോള്‍ റോക്കറ്റ് മാത്രമല്ല രാജ്യത്തിന്റെ   ആഢ്യത്വവും കൂടിയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ഒഴുകിപ്പോയതെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കണം. 2015ല്‍ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാന്‍ രാജ്യം ശ്രമിക്കുകയാണല്ലോ. ഈ പദ്ധതിക്ക് 13000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ പരീക്ഷണങ്ങളിലൂടെ ജി എസ് എല്‍ വിയുടെ വിശ്വാസ്യത തെളിയിച്ച ശേഷമേ മനുഷ്യനെ അയക്കുക എന്ന പദ്ധതിയുമായി മുമ്പോട്ടുപോകാനാകൂ.

       കര്‍ശനമായ പരിശോധനകള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷമേ വിക്ഷേപണം പാടുള്ളൂവെന്ന് അറിയാത്തവരാണോ ഇതിന്റെ അമരത്തിരിക്കുന്നവര്‍? ശ്രീഹരിക്കോട്ടയിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ചാന്ദ്രയാന്‍-2 ന്റെ യാത്രയും വൈകാനാണ് സാധ്യത. ആറ് മാസത്തിനിടെ രണ്ടു പരാജയം സംഭവിച്ചത് നമ്മുടെ ബഹിരാകാശ പദ്ധതികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കും. ശാസ്ത്ര സാങ്കേതിക രംഗത്ത് ഇതിനകം നാം ആര്‍ജ്ജിച്ച പ്രതിഛായക്ക് മങ്ങലേല്‍ക്കുകയും ചെയ്യും. 

       ഐ എസ് ആര്‍ ഒയുടെ വിജയരഹസ്യം ശാസ്ത്രജ്ഞന്മാരുടെ കൂട്ടായ്മയാണെന്ന് മുമ്പൊക്കെ അഭിമാനപൂര്‍വം അവകാശപ്പെടാറുണ്ടായിരുന്നു. വിജയത്തിന്റെ തിരിനാളം അണയ്ക്കാന്‍ അവരിലാരെങ്കിലും ഇപ്പോള്‍ ശ്രമം നടത്തുന്നുണ്ടോ?  പരാജയങ്ങളുടെ തുടര്‍ച്ചകള്‍ സമ്മാനിക്കുന്നവര്‍ ആരാണെന്ന് കണ്ടുപിടിക്കാന്‍ എന്തായാലും അമാന്തിച്ചുകൂടാ. വീഴ്ചകള്‍ വ്യാപകമായി വിമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും കാലക്രമേണ എല്ലാം കെട്ടടങ്ങുന്നതാണല്ലോ  അനുഭവം.  ജി എസ് എല്‍ വിയുടെ പരാജയകാരണം പരിശോധിക്കാന്‍ വിശകലന കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചത് നന്നായി. പ്രാരാബ്ധങ്ങളുടെ പാരാവാരം താണ്ടുമ്പോഴും ബഹിരാകാശ പരീക്ഷണങ്ങള്‍ക്ക് കോടികള്‍ നീക്കിവെക്കുന്ന ഇന്ത്യയുടെ സ്വപ്നങ്ങള്‍ പൂര്‍ണ വളര്‍ച്ചയെത്താതെ പോകുന്നത് തീര്‍ച്ചയായും അസഹനീയം തന്നെയാണ്. പരാജയങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് വിജയങ്ങളിലേക്ക് മുന്നേറാന്‍ ഇനിയെങ്കിലും നമുക്ക് കഴിയണം. 

കശ്മീര്‍: ഭിന്നിപ്പിച്ച് മുതലെടുക്കാന്‍ ശ്രമം


              കശ്മീരിന് പ്രത്യേക പദവി അനുവദിച്ച ഭരണഘടനയിലെ 370-ാം വകുപ്പ് എടുത്തുകളയണമെന്ന ആവശ്യം ബി ജെ പിയടക്കമുള്ള സംഘ്പരിവാര്‍ സംഘടനകള്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. തരം കിട്ടുമ്പോഴെക്കെ   അവര്‍ ആവശ്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. കശ്മീരില്‍ കഴിഞ്ഞദിവസം ചേര്‍ന്ന ബി ജെ പിയുടെ പ്രത്യേകയോഗം പാസ്സാക്കിയ പ്രമേയത്തിന്റെ ഉള്ളടക്കവും ഇതുതന്നെ. കശ്മീരിലെ കുഴപ്പങ്ങള്‍ക്കെല്ലാം  ഈ വകുപ്പാണ് കാരണമെന്ന് ബി ജെ പി നേതാവ് അരുണ്‍ജയ്റ്റ്‌ലി വാര്‍ത്താസമ്മേളനത്തിലും അഭിപ്രായപ്പെടുകയുണ്ടായി. രാജ്യത്തിന്റെ മര്‍മ്മപ്രധാന ഭാഗമെന്ന നിലയില്‍ സദാ ജാഗ്രതയോടെ വര്‍ത്തിക്കേണ്ട  കശ്മീരിന്റെ കാര്യത്തില്‍ ബി ജെ പി എന്തുകൊണ്ട് ചരിത്രത്തെ കൊഞ്ഞനംകുത്തുന്ന നയം സ്വീകരിക്കുന്നുവെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ അവരുടെ ഗതകാല ചരിത്രം അറിയുന്ന ആര്‍ക്കും പ്രയാസമുണ്ടാവില്ല.
 
         സ്വതന്ത്രഭാരതം കശ്മീരികള്‍ക്ക് നല്‍കിയ ഉറപ്പ്പാലിക്കാന്‍ ഇവിടുത്തെ ഭരണാധികാരികള്‍ ബാധ്യസ്ഥരാണ്.  കശ്മീര്‍ സ്വതന്ത്രരാഷ്ട്രമായി തുടരണമെന്നായിരുന്നുവല്ലോ അവിടുത്തെ രാജാവായിരുന്ന ഹരിസിങ്ങിന്റെ ആഗ്രഹം. എന്നാല്‍   ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന മുസ്‌ലിംകളുടെ ഇംഗിതം കശ്മീര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കണമെന്നായിരുന്നു. പാക്കിസ്താനില്‍ ചേരണമെന്ന് അവരില്‍ ആരെങ്കിലും വാദിക്കുകയോ അതിന് വേണ്ടി പ്രക്ഷോഭം സംഘടിപ്പിക്കുകയോ ചെയ്തിട്ടില്ല. ഇന്ത്യയില്‍ ആശങ്കക്ക് അവകാശമില്ലെന്ന് കശ്മീരിലെ ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്താനാണ്   ഇന്ത്യാ ഗവണ്‍മെന്റ് കശ്മീരിന് സ്വയംഭരണാധികാരം പ്രഖ്യാപിച്ചത്. അതിന് പരിരക്ഷ നല്‍കുന്ന വകുപ്പാണ് 370. അവിടുത്തെ ന്യൂനപക്ഷത്തിന്റെയും ഭൂരിപക്ഷത്തിന്റെയും ആത്മവിശ്വാസവും സുരക്ഷാബോധവും വളര്‍ത്താനാണ് ഇങ്ങനെ ചെയ്തതെങ്കിലും കാലക്രമേണ ആ വകുപ്പിന്റെ പേരില്‍ പീഡനങ്ങളേറ്റുവാങ്ങാന്‍ മാത്രമാണ് അന്നാട്ടുകാര്‍ വിധിക്കപ്പെട്ടത്.
 
          370-ാം വകുപ്പിന്റെ അകമ്പടിയുണ്ടായിട്ടും സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ കശ്മീരികള്‍ക്ക് നാളിതുവരെ സാധിക്കാതെപോയതില്‍ ബി ജെ പിക്ക് അശേഷം ആശങ്കയില്ല. ജനങ്ങളെ ക്രൂശിക്കാനായിരുന്നോ ഈ വകുപ്പ് ഭരണഘടനാ ശില്‍പികള്‍ എഴുതിച്ചേര്‍ത്തത്?  ഒരിക്കലും അങ്ങനെയാവാന്‍ തരമില്ല. കശ്മീരിലെ പട്ടാളക്കാര്‍ക്ക് നല്‍കിയ പ്രത്യേക അധികാരം ലഘൂകരിക്കണമെന്ന ആവശ്യത്തോടും പ്രധാനമായും പുറംതിരിഞ്ഞുനില്‍ക്കുന്നതും ബി ജെ പി തന്നെ. ബി ജെ പി ഭരണത്തില്‍ 370-ാം വകുപ്പ്  എടുത്തുകളയാന്‍ ശക്തമായ നീക്കം നടന്നിരുന്നതാണ്. എന്‍ ഡി എ ഘടകകക്ഷികള്‍ അനുകൂലിക്കാതിരുന്നതുകൊണ്ടുമാത്രമാണ് ലക്ഷ്യം അന്ന് പൂവണിയാതെപോയത്.

         രാജ്യത്ത് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും, തോക്കിന്റെ ഭീഷണിയില്‍ നില്‍ക്കുമ്പോഴും  ജനാധിപത്യവാഴ്ചക്ക് ശക്തിപകര്‍ന്നവരാണ് കശ്മീരികള്‍. ഫാസിസ്റ്റുകളുടെയും വര്‍ഗീയവാദികളുടെയും തീവ്രവാദികളുടെയും പ്രകോപനങ്ങളെ വകഞ്ഞുമാറ്റി ഹിംസയുടെ കാര്‍ക്കശ്യത്തെ വെല്ലുവിളിച്ച അവര്‍, രാജ്യത്തിന്റെ ഭരണാധികാരികളിലായിരുന്നു പ്രതീക്ഷ അര്‍പ്പിച്ചിരുന്നത്. നടുക്കുന്ന യാഥാര്‍ഥ്യങ്ങളെ സഗൗരവം സമീപിക്കുമെന്നും കലാപങ്ങളില്‍നിന്നും ഭീതിയില്‍നിന്നും ശാശ്വതമോചനം ലഭിക്കുമെന്നും പുരോഗതിയുടെയും വികസനത്തിന്റെയും ശുദ്ധവായു ശ്വസിക്കാന്‍ അവസരമൊരുങ്ങുമെന്നും അവര്‍ പ്രത്യാശിച്ചു.

         എന്നാല്‍ സനിഷ്‌ക്കര്‍ഷം വര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയമനസ്സ് നമുക്ക് ഇല്ലാതെപോയി. കശ്മീരികളുടെ സ്വപ്നങ്ങള്‍ക്ക് ചിറക്‌നല്‍കാന്‍ എന്തുകൊണ്ട് രാജ്യത്തിന് കഴിഞ്ഞില്ല എന്നത് പഠനവിധേയമാക്കുവാന്‍ ഇപ്പോഴും ആര്‍ക്കും നേരമില്ല. റോഡുകളും പാലങ്ങളും നിര്‍മിക്കുകയും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ യഥേഷ്ടം സ്ഥാപിക്കുകയും ചികിത്സാരംഗം കാര്യക്ഷമമാക്കുകയും ചെയ്യുന്നതുപോകട്ടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്ന പ്രാഥമിക കടമ യഥാവിധി നിര്‍വഹിക്കാനുള്ള സത്വരനടപടികള്‍ പോലും ഉണ്ടായില്ല. തീവ്രവാദികളും കലാപകാരികളും ജന്മമെടുക്കാനാണ് ഇത് വഴിവെച്ചത്.

         കലാപകാരികളെ അമര്‍ച്ച ചെയ്യാന്‍ കൈക്കൊള്ളുന്ന നടപടികള്‍ പോലെയോ അതിലധികമോ പ്രധാനപ്പെട്ടതാണ് കശ്മീരിലെ അരക്ഷിത സാഹചര്യത്തിനു അറുതിവരുത്തുകയെന്നത്. കശ്മീര്‍പ്രശ്‌നം ആഗോളതലത്തിലും ഐക്യരാഷ്ട്രസഭയിലും പാക്കിസ്താനും മറ്റുരാഷ്ട്രങ്ങളും ചര്‍ച്ചാവിഷയമാക്കുമ്പോള്‍ നെറ്റിചുളിക്കാറുള്ള നാം  വിഷയത്തിന്റെ ആഴങ്ങളിലേക്ക് കടന്നുചെല്ലാന്‍ ഇപ്പോഴും വൈമുഖ്യം കാണിക്കുകയാണ്. പൊലീസും സുരക്ഷാസേനയും നടത്തുന്ന വെടിവെപ്പുകളില്‍ സ്ത്രീകളുള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു. നിരപരാധികളായ യുവാക്കളെ നിറത്തോക്കിനിരയാക്കുന്നത് പട്ടാളക്കാര്‍ക്ക് ഒരു ഹോബിയായി മാറി. ചിലപ്പോള്‍ സംഘര്‍ഷങ്ങളില്‍ അയവുവരുന്നത് നാട്ടുകാര്‍ ചെയ്ത ഏതോ സുകൃതംകൊണ്ട് മാത്രമാണ്.
 സംസ്ഥാന സര്‍ക്കാരുകള്‍ പോലും അവിടെ കാഴ്ചക്കാരായി മാറുന്നു. ഫാറുഖ് അബ്ദുല്ലയും  മുഫ്തി മുഹമ്മദ് സഈദും ഗുലാംനബി ആസാദും ഇപ്പോള്‍ ഉമര്‍ അബ്ദുല്ലയുമെല്ലാം മുഖ്യമന്ത്രിയമാരായി വന്നിട്ടും വലിയ പ്രയോജനമില്ല. വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാവുകയാണ്. ബി ജെ പി ആഗ്രഹിക്കുന്നതും അതാണ്. എരിതീയില്‍ എണ്ണയൊഴിക്കലാണല്ലോ അവരുടെ കുലത്തൊഴില്‍. അതുകൊണ്ടാവാം പ്രശ്‌നപരിഹാരം ലക്ഷ്യത്തിന്റെ നാലയലത്ത്‌പോലും എത്താത്തത്. കാശ്മീരികളുടെ വികാരവും അവരുടെ യഥാര്‍ഥപ്രശ്‌നവും  തിരച്ചറിയാന്‍ ഇനിയും നമുക്ക് സാധിച്ചിട്ടില്ല. പരിഹാരം വൈകുന്തോറും ജനങ്ങളെ തട്ടുകളാക്കി മുതലെടുക്കാനുള്ള ശ്രമങ്ങള്‍ക്കും ആക്കം കൂടുകയാണ്.  ബി ജെ പിയുടെ ലക്ഷ്യം മനസ്സിലാക്കി ദേശീയബോധവും ദീര്‍ഘവീക്ഷണവും പ്രകടിപ്പിക്കാന്‍ സന്മനസ്സ് കാണിക്കേണ്ടത് സര്‍ക്കാരും രാഷ്ട്രീയനേതൃത്വങ്ങളുമാണ്.
Related Posts Plugin for WordPress, Blogger...