Monday, December 27, 2010

വിക്ഷേപണ പരാജയം: വിശദീകരണത്തില്‍ ഒതുങ്ങരുത്


       ക്രിസ്തുമസ് ദിനത്തില്‍ ഏറെ പ്രതീക്ഷയോടെ ഇന്ത്യ നടത്തിയ ജിസാറ്റ് ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടുവെന്നത് രാജ്യത്തിന്റെ ബഹിരാകാശദൗത്യങ്ങള്‍ക്ക് വലിയ ആഘാതം ഏല്‍പ്പിക്കുമെന്നുറപ്പാണ്. രാജ്യത്തിന്റെ ഏറ്റവും വലിയ അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ്-5 പിയുമായി ഐ എസ് ആര്‍ ഒയുടെ ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന്  കുതിച്ചുയര്‍ന്ന ജി എസ് എല്‍ വി എഫ് 06 റോക്കറ്റാണ് വിക്ഷേപിച്ച് ഒരു മിനുട്ടിനകം നിയന്ത്രണം നഷ്ടപ്പെട്ടതിനാല്‍ തകര്‍ക്കേണ്ടിവന്നത്. നിയന്ത്രിച്ച് കടലില്‍ വീഴ്ത്താനുള്ള ശ്രമം പരാജയപ്പെട്ടതിനാല്‍ ജനവാസകേന്ദ്രങ്ങളില്‍  ദുരന്തം ഒഴിവാക്കാനാണ്  പുറംചട്ടക്കുള്ളില്‍ ഘടിപ്പിച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് റോക്കറ്റ് തകര്‍ത്തുകളഞ്ഞത്.
ഭൂമിയില്‍നിന്ന് ഏകദേശം എട്ടുകിലോമീറ്റര്‍ ഉയരത്തിലും ശ്രീഹരിക്കോട്ടയില്‍നിന്ന് രണ്ടര കിലോമീറ്റര്‍ ദൂരത്തിലും എത്തിയപ്പോഴാണ് സ്‌ഫോടനം നടത്തിയത്. റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചിതറി വീണപ്പോള്‍  ഖജനാവിന് നഷ്ടമായത് 350 കോടി രൂപയാണ്. ജി എസ് എല്‍ വി റോക്കറ്റിന് 175 കോടി രൂപയാണ് നിര്‍മാമച്ചെലവ്. ജിസാറ്റ് ഉപഗ്രത്തിന് 150 കോടിയും. ഈ മാസം 20ന് നടത്താനിരുന്ന വിക്ഷേപണം ക്രയോജനിക് എഞ്ചിനില്‍ കണ്ടെത്തിയ ചോര്‍ച്ചമൂലമാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. സാമ്പത്തിക നഷ്ടത്തേക്കാള്‍ വലുതായി നാം കണ്ടത് അതിന്റെ വിജയകരമായ വിക്ഷേപണംകൊണ്ട് ലക്ഷ്യംവെച്ച ശാസ്ത്രസാങ്കേതിക നേട്ടങ്ങളായിരുന്നു. പരാജയത്തിന്റെ  പശ്ചാത്തലത്തില്‍ അത് സ്വന്തമാക്കാന്‍ ഇനിയും ഏത്രനാള്‍ കാത്തിരിക്കേണ്ടിവരുമെന്ന് പറയാനാവില്ല. പ്രതിഭാശക്തിയില്‍ അദ്വിതീയരും സാങ്കേതികമികവില്‍ കേമന്മാരുമാണ് നമ്മുടെ ശാസ്ത്രജ്ഞന്മാരെങ്കിലും ബഹിരാകാശ ദുരന്തങ്ങള്‍ക്ക് ശുഭപരിണതി ആര്‍ജ്ജിക്കാന്‍ അവര്‍ക്ക് കഴിയാതെ പോകുന്നതെന്തുകൊണ്ട് എന്ന് ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു.

       ജി എസ് എല്‍ വി റോക്കറ്റ് ഇക്കൊല്ലം തുടര്‍ച്ചയായി രണ്ടാംതവണയാണ് പരാജയപ്പെടുന്നത്. ഏപ്രില്‍ 15ന് ഐ എസ് ആര്‍ ഒയുടെ സ്വന്തം ക്രയോജനിക് എഞ്ചിന്‍ പരീക്ഷിച്ച റോക്കറ്റും തകര്‍ന്നു വീണിരുന്നു. റഷ്യന്‍ ക്രയോജനിക് എഞ്ചിന്‍ ഉപയോഗിച്ച റോക്കറ്റാണ് കഴിഞ്ഞ ദിവസം പരാജയപ്പെട്ടത്. ഈ പരാജയങ്ങള്‍ ഇന്ത്യയുടെ കമ്യൂണിക്കേഷന്‍ സംവിധാനങ്ങളെ ചുരുങ്ങിയ പക്ഷം രണ്ടുവര്‍ഷമെങ്കിലും പിന്നിലാക്കുമെന്നുറപ്പാണ്. ടെലികോം, ടി വി,  ടെലി മെഡിസിന്‍, കാലാവസ്ഥ പ്രവചനം, കൃഷി തുടങ്ങിയ നിരവധി മേഖലകള്‍ക്ക് പ്രയോജനപ്പെടേണ്ടതായിരുന്നു ജിസാറ്റ് ഉപഗ്രഹം.
ജി എസ് എല്‍ വി റോക്കറ്റിന്റെ പരാജയങ്ങളാണ് ചന്ദ്രയാന്‍-2 ഉള്‍പ്പെടെയുള്ള ഭാവി ദൗത്യങ്ങള്‍ക്കുമേല്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നത്. കാരണം ചന്ദ്രയാന്‍ പോലുള്ള വലിയ ദൗത്യങ്ങള്‍ക്ക് ജി എസ് എല്‍ വി റോക്കറ്റാണ് വേണ്ടത്. 2001ന് ശേഷം ഇന്ത്യ വിക്ഷേപിച്ച ഏഴ് ജി എസ് എല്‍ വി റോക്കററുകളില്‍ നാലും പരാജയപ്പെടുകയായിരുന്നു. ഈ റോക്കററുകള്‍ കരുത്തുതെളിയിച്ചുവെന്ന് അവകാശപ്പെടുന്ന  ഐ എസ് ആര്‍ ഒ മേധാവികള്‍ പരാജയത്തിന് തൃപ്തികരമായ കാരണങ്ങള്‍ നിരത്താന്‍ ഇതുവരെ തയാറായിട്ടില്ല. തികച്ചും നിസ്സാരമായ ഒരു പിഴവില്‍ തട്ടിയാണ് ജി എസ് എല്‍ വി ശനിയാഴ്ച പരാജയപ്പെട്ടതെന്നാണ് വാദം. പിഴവുകള്‍ ചെറുതായാലും വലുതായാലും സംഭവിക്കുന്നത് ഭീമമായ നഷ്ടവും നികത്താനാവാത്ത മാനഹാനിയുമാണല്ലോ. തിരിച്ചടികളെ താല്‍ക്കാലികമെന്നും നിസ്സാരമെന്നും വിലയിരുത്തി  അപരാധങ്ങളില്‍നിന്ന് കൈകഴുകുന്ന നിരീക്ഷണ ബുദ്ധികള്‍ യഥാര്‍ഥത്തില്‍ തളര്‍ച്ചയുടെ പടവുകളിലേക്കാണ് രാജ്യത്തെ നയിക്കുന്നത്.

       കൗണ്ട് ഡൗണ്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് എന്‍ജിനില്‍ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് 20ന് വിക്ഷേപണം മാറ്റിവെച്ചത്. ചോര്‍ച്ച അടച്ച് നടത്തിയ വിക്ഷേപണവും വിജയിക്കാതെ പോയപ്പോള്‍ റോക്കറ്റ് മാത്രമല്ല രാജ്യത്തിന്റെ   ആഢ്യത്വവും കൂടിയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ഒഴുകിപ്പോയതെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കണം. 2015ല്‍ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാന്‍ രാജ്യം ശ്രമിക്കുകയാണല്ലോ. ഈ പദ്ധതിക്ക് 13000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ പരീക്ഷണങ്ങളിലൂടെ ജി എസ് എല്‍ വിയുടെ വിശ്വാസ്യത തെളിയിച്ച ശേഷമേ മനുഷ്യനെ അയക്കുക എന്ന പദ്ധതിയുമായി മുമ്പോട്ടുപോകാനാകൂ.

       കര്‍ശനമായ പരിശോധനകള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷമേ വിക്ഷേപണം പാടുള്ളൂവെന്ന് അറിയാത്തവരാണോ ഇതിന്റെ അമരത്തിരിക്കുന്നവര്‍? ശ്രീഹരിക്കോട്ടയിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ചാന്ദ്രയാന്‍-2 ന്റെ യാത്രയും വൈകാനാണ് സാധ്യത. ആറ് മാസത്തിനിടെ രണ്ടു പരാജയം സംഭവിച്ചത് നമ്മുടെ ബഹിരാകാശ പദ്ധതികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കും. ശാസ്ത്ര സാങ്കേതിക രംഗത്ത് ഇതിനകം നാം ആര്‍ജ്ജിച്ച പ്രതിഛായക്ക് മങ്ങലേല്‍ക്കുകയും ചെയ്യും. 

       ഐ എസ് ആര്‍ ഒയുടെ വിജയരഹസ്യം ശാസ്ത്രജ്ഞന്മാരുടെ കൂട്ടായ്മയാണെന്ന് മുമ്പൊക്കെ അഭിമാനപൂര്‍വം അവകാശപ്പെടാറുണ്ടായിരുന്നു. വിജയത്തിന്റെ തിരിനാളം അണയ്ക്കാന്‍ അവരിലാരെങ്കിലും ഇപ്പോള്‍ ശ്രമം നടത്തുന്നുണ്ടോ?  പരാജയങ്ങളുടെ തുടര്‍ച്ചകള്‍ സമ്മാനിക്കുന്നവര്‍ ആരാണെന്ന് കണ്ടുപിടിക്കാന്‍ എന്തായാലും അമാന്തിച്ചുകൂടാ. വീഴ്ചകള്‍ വ്യാപകമായി വിമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും കാലക്രമേണ എല്ലാം കെട്ടടങ്ങുന്നതാണല്ലോ  അനുഭവം.  ജി എസ് എല്‍ വിയുടെ പരാജയകാരണം പരിശോധിക്കാന്‍ വിശകലന കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചത് നന്നായി. പ്രാരാബ്ധങ്ങളുടെ പാരാവാരം താണ്ടുമ്പോഴും ബഹിരാകാശ പരീക്ഷണങ്ങള്‍ക്ക് കോടികള്‍ നീക്കിവെക്കുന്ന ഇന്ത്യയുടെ സ്വപ്നങ്ങള്‍ പൂര്‍ണ വളര്‍ച്ചയെത്താതെ പോകുന്നത് തീര്‍ച്ചയായും അസഹനീയം തന്നെയാണ്. പരാജയങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് വിജയങ്ങളിലേക്ക് മുന്നേറാന്‍ ഇനിയെങ്കിലും നമുക്ക് കഴിയണം. 

1 comment:

  1. നല്ല ലേഖനം

    പുതുവത്സരാശംസകള്‍

    ReplyDelete

Related Posts Plugin for WordPress, Blogger...