സര്‍ക്കാര്‍ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഞ്ച് ശതമാനം പ്രത്യേക സംവരണം ആവശ്യപ്പെട്ടുകൊണ്ട് രാജസ്ഥാനില്‍ ഗുജ്ജാറുകള്‍ നടത്തുന്ന സമരം ഒമ്പത് ദിവസം പിന്നിട്ടിരിക്കുന്നു. ദിവസങ്ങള്‍ കഴിയുന്തോറും പ്രക്ഷോഭം ശക്തിപ്രാപിക്കുകയാണ്. ഇതുമൂലം വടക്കെ ഇന്ത്യയിലെ റയില്‍ ഗതാഗതം ആകെ തടസ്സപ്പെട്ടു. ദേശീയപാതയിലൂടെയുള്ള ഗതാഗതവും താറുമാറായി. ജയ്പൂര്‍-ഡല്‍ഹി ഹൈവേയില്‍ ഒരു സംഘം യുവാക്കള്‍ ലോറി തടഞ്ഞുനിര്‍ത്തി കത്തിച്ചു. പാരാ മിലിറ്ററി ഫോഴ്‌സിനെ രാജസ്ഥാനില്‍ വിന്യസിക്കേണ്ട അവസ്ഥയിലെത്തി കാര്യങ്ങള്‍. കേരളത്തിലേക്കുള്ള ട്രെയിനുകളെയും സമരം ബാധിച്ചുതുടങ്ങിയിരിക്കുന്നു.
കഴിഞ്ഞ ഏഴുവര്‍ഷമായി ഗുജ്ജാറുകള്‍ ഈ ആവശ്യം നേടിയെടുക്കാന്‍ ശബ്ദമുയര്‍ത്തുന്നു. 2007മുതല്‍ അവര്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ച് വരികയാണ്. 15 പേര്‍ ഇതിനകം കൊല്ലപ്പെടുകയും ചെയ്തു. അന്ന് രാജസ്ഥാന്‍ ബി ജെ പി ഭരണത്തിലായിരുന്നു. മുഖ്യമന്ത്രിയായിരുന്ന വസുന്ധരരാജ സിന്ധ്യയും ഗുജ്ജാര്‍ പ്രതിനിധി സംഘവും തമ്മില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് പ്രക്ഷോഭം അവസാനിപ്പിച്ചുവെങ്കിലും പട്ടികജാതി പദവി വേണമെന്ന അവരുടെ ആവശ്യം മാത്രം പൂവണിഞ്ഞില്ല. സമരത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച്‌ലക്ഷം രൂപ വീതം നഷ്ടപരിഹാരം കിട്ടിയത് മാത്രം മിച്ചം. പട്ടികജാതി പദവി നിര്‍ണയിക്കുന്നതിന് റിട്ടയര്‍ഡ് ഹൈക്കോടതി ജഡ്ജിയുടെട നേതൃത്വത്തില്‍ സമിതിയുണ്ടാക്കി മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നുവെങ്കിലും അതും ലക്ഷ്യംകണ്ടില്ല.
അലഞ്ഞുതിരിഞ്ഞു നടക്കുന്ന നാടോടി വര്‍ഗക്കാരാണ് ഗുജ്ജാറുകള്‍. ജാതി സ്പര്‍ധ ശക്തമായി വേരോടിയ രാജസ്ഥാനില്‍ ഗുജ്ജാറുകളുടെ പുരോഗതിക്ക് വിലങ്ങുതടിയായി വര്‍ത്തിക്കുന്നത് അവിടത്തെ പ്രബല സമുദായമായ മീണരുടെ കടുത്ത എതിര്‍പ്പാണ്. ജാതി സംവരണം അമ്പതുശതമാനത്തില്‍ കൂടരുതെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ രാജസ്ഥാന്‍ ഹൈക്കോടതി ഗുജ്ജാറുകളുടെ അഞ്ച്ശതമാനം സംവരണം തടഞ്ഞതും വലിയ തിരിച്ചടിയായി. എന്നാല്‍ തങ്ങളുടെ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണിവര്‍. ആനുകൂല്യം ലഭിക്കുംവരെ പ്രക്ഷോഭത്തില്‍നിന്ന് പിന്തിരിയില്ലെന്ന വാശിയിലുമാണവര്‍.
ബി ജെ പി ഭരണത്തില്‍ ഗുജ്ജാറുകളുടെ സമരത്തെ ന്യായീകരിച്ച കോണ്‍ഗ്രസാണ് ഇപ്പോള്‍ രാജസ്ഥാന്‍ ഭരിക്കുന്നത്. സംവരണത്തിന് വേണ്ടി സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഗുജ്ജാറുകള്‍ സമരം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. അജ്മീറില്‍ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടാനും വാഹനങ്ങള്‍ ഓടിക്കരുതെന്നും അവര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നു. ഊര്‍ജമന്ത്രി ജിതേന്ദ്രസിങ്ങുമായി ഗുജ്ജാര്‍ നേതാവ് കിരോരി സിങ്ങ് ബൈന്‍സ്‌ലേ ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല.
സാമൂഹ്യ-വിദ്യാഭ്യാസ മേഖലകളില്‍ മാറ്റിനിര്‍ത്തപ്പെട്ട വലിയ വിഭാഗം ജനങ്ങള്‍ ഇന്ത്യയിലുണ്ട്. അവര്‍ക്ക് വേണ്ടത് അധികാരിവര്‍ഗത്തിന്റെ മാമൂല്‍ സാന്ത്വനമല്ല. പ്രബല വിഭാഗത്തിന്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടമായി ഇത്തരം സമരങ്ങളെ കാണാന്‍ നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഭരണാധികാരികള്‍ക്കും ചിലപ്പോഴെക്കെ കോടതികള്‍ക്കും കഴിയാതെ പോകുന്നു. വിരലിലെണ്ണാവുന്ന സ്റ്റേറ്റുകളിലേ ഇന്ന് സംവരണം നിലവിലുള്ളൂ. പട്ടികജാതി- പട്ടികവര്‍ഗങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കാം. ഗുജ്ജാറുകള്‍ തങ്ങളെ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യപ്പെടുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ സംവരണം അമ്പത്ശതമാനത്തില്‍ നിന്നില്ലെന്നു വരും. അതിനെ മറികടക്കാനുള്ള വഴി സര്‍ക്കാര്‍ അന്വേഷിക്കേണ്ടതുണ്ട്.
തമിള്‍നാടിനെ ഇക്കാര്യത്തില്‍ മാതൃകയാക്കാമെന്ന് തോന്നുന്നു. അവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സര്‍വീസിലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് 69 ശതമാനമാണ് സംവരണം. 1993ലാണ് സംവരണം 69 ശതമാനമാക്കി ഉയര്‍ത്തിയത്. കോടതികളുടെ പുന:പരിശോധന ഒഴിവാക്കാന്‍ ഇത് ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ആകെ സംവരണം അമ്പത് ശതമാനത്തില്‍ കവിയരുതെന്ന സുപ്രീം കോടതി വിധിക്കെതിരാണെന്ന് ചൂണ്ടിക്കാട്ടി ഒരഭിഭാഷകന്‍ ഈ നിയമത്തിന്റെ സാധുതയെ ചോദ്യം ചെയ്‌തെങ്കിലും ഒരു വര്‍ഷത്തേക്ക് കൂടി സംവരണം തുടരാനാണ് ഉന്നത നീതിപീഠം ഉത്തരവായത്.
നീതിനിര്‍വഹണത്തിന്റെ നിഷ്പക്ഷതക്ക് ഇന്ത്യയെ പോലെ 80 ശതമാനം പിന്നാക്ക വിഭാഗങ്ങള്‍ അധിവസിക്കുന്ന ഒരു രാജ്യത്ത് സംവരണം അനിവാര്യമാണ്. എക്കാലവും അതു തുടരേണ്ടതുണ്ടെന്ന അഭിപ്രായമില്ല. എല്ലാ വിഭാഗം ജനങ്ങള്‍ക്കും വിദ്യാഭ്യാസ-തൊഴില്‍ മേഖലയില്‍ തുല്യനീതി ഉറപ്പുവരുത്തുന്ന ദിവസം സംവരണം എടുത്തുകളയാം. അതിന് എത്രകാലം കാത്തിരിക്കേണ്ടിവരും എന്ന് നിശ്ചയിക്കേണ്ടത് ഭരണകൂടമാണ്. മാറിമാറി വരുന്ന സര്‍ക്കാരുകളുടെയും അവയെ നിയന്ത്രിക്കുന്ന രാഷ്ട്രീയകക്ഷികളുടെയും ശിക്ഷാര്‍ഹമായ അലംഭാവമാണ് പ്രശ്‌നങ്ങള്‍ വഷളാക്കുന്നതും പ്രക്ഷോഭങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതും. ജാതി, സമുദായ സമവാക്യങ്ങളില്‍ നിന്ന് രാജ്യം സമീപഭാവിയിലൊന്നും രക്ഷപ്പെടില്ലെന്നും അവരുടെ പിന്നോക്കാവസ്ഥ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളുടെ അഭാവത്തില്‍ ഇനിയുമേറെ കാലം തുടരുമെന്നും നന്നായി അറിയുന്നതും അവര്‍ക്കാണല്ലോ.
ഗുജ്ജാര്‍ സമരത്തിന്റെ പിന്നില്‍ ബി ജെ പിയാണെന്ന് മുഖ്യമന്ത്രി ഗഹലോട്ട് ആരോപിച്ചിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ മകന്റെ വിവാഹത്തിനിടെ നാഗ്പൂരിലാണ് ഇതിനുള്ള ഉപജാപം നടന്നതെന്നും അദ്ദേഹം പറയുന്നു. ശരിയായിരിക്കാം. ഒരു തിരിച്ചുവരവ് ബി ജെ പിയുടെ അജണ്ടയിലുണ്ടാവുക സ്വാഭാവികം. അതുകൊണ്ട് ഗുജ്ജാറുകളുടെ ആവശ്യം ന്യായമല്ലെന്ന് വരുമോ? മുതലെടുപ്പിന് ഇതര കക്ഷികള്‍ക്ക് അവസരം കൊടുക്കാതിരിക്കുന്നതിന് പകരം രാഷ്ട്രീയപ്രേരിതം എന്ന് കുറ്റപ്പെടുത്തി കൈകകഴുകുന്നത് ശരിയാണോ?
No comments:
Post a Comment