നൂറ്റാണ്ടിനപ്പുറവും ഇപ്പുറവും ഒരു നിര്‍ണായക ശക്തിയായി നിലകൊള്ളാന്‍ ഭാഗ്യം സിദ്ധിച്ച രാജ്യത്തെ ഏക രാഷ്ട്രീയകക്ഷിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. 1885 ഡിസമ്പര്‍ 28ന് ജന്മംകൊണ്ട പാര്‍ട്ടി 125 വര്‍ഷം പിന്നിടുമ്പോഴും ലോകത്തിലെ തന്നെ ഏറ്റവും വലിയ മതേതര ജനാധിപത്യ പ്രസ്ഥാനമെന്ന അതിന്റെ സല്‍കീര്‍ത്തി ഒരു പരിധിവരെ നിലനിര്‍ത്തിയെന്ന് പ്രവര്‍ത്തകന്മാര്‍ക്കും നേതാക്കള്‍ക്കും അവകാശപ്പെടാം. ഇന്ത്യക്കാരന്റെ നേരും നെടുവീര്‍പ്പുകളും ഇത്രയേറെ ഏറ്റുവാങ്ങിയ മറ്റൊരു രാഷ്ട്രീയകക്ഷിയും ഇന്ത്യയിലില്ലെന്ന് തീര്‍ത്തുപറയാം. ആയുസ്സിന്റെ ആദ്യപകുതിയില്‍ കോണ്‍ഗ്രസ് നേരിട്ടത് പാരതന്ത്ര്യത്തിന്റെ വെല്ലുവിളികളായിരുന്നെങ്കില്‍ കാലചക്രം കറങ്ങിയെത്തുമ്പോള്‍ ബ്രിട്ടീഷുകാരനായ എ ഒ ഹ്യൂമില്‍ നിന്ന് ഇറ്റലിക്കാരിയായ സോണിയാഗാന്ധിയെത്തിയത് ആകസ്മികമാകാമെങ്കിലും ചിന്തിക്കുന്നവര്‍ക്ക് അതില്‍ വലിയ ഗുണപാഠങ്ങള്‍ കണ്ടെത്താനാവും.
പാര്‍ട്ടിയുടെ തുടക്കം പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നുവെങ്കിലും തുടര്‍ച്ച വിസ്മയകരമായിരുന്നു. കോണ്‍ഗ്രസിനെ വലിയൊരു വിമോചനപ്രസ്ഥാനമാക്കിയത് മഹാത്മാഗാന്ധിയാണ്. ഇതിന് ഗാന്ധിജി ഉപയോഗപ്പെടുത്തിയ മഹാ ആയുധം ഒരു മരച്ചര്‍ക്കയായിരുന്നു. അലന്‍ ഒക്‌ടേവിയന്‍ ഹ്യൂം എന്ന സ്‌കോട്‌ലന്റുകാരന്‍ സായ്പ് സ്ഥാപിച്ച കോണ്‍ഗ്രസ് പാര്‍ട്ടി തുടക്കത്തില്‍ ഇന്ത്യന്‍ അഭിജാത വര്‍ഗത്തിന്റെ ഒരു ക്‌ളബ്ബ് മാത്രമായിരുന്നു. ഇംഗ്‌ളണ്ടില്‍ നിലനിന്ന മാനവസമത്വ സങ്കല്‍പമാണ് അതിന്റെ പ്രയാണഗതിയില്‍ സ്വാധീനം ചെലുത്തിയത്. ദേശീയബോധവും അനുരഞ്ജനങ്ങള്‍ക്ക് വഴങ്ങാത്ത സ്വാതന്ത്ര്യദാഹവും അതിന്റെ ഫലമായി ഉണ്ടായതാണ്.
സ്വാതന്ത്ര്യസമരത്തിന്റെ വിവിധ വഴികളിലൂടെ കടന്നുവന്ന കോണ്‍ഗ്രസ് തന്നെയാണ് രാജ്യം ഏറ്റവും കൂടുതല്‍ കാലം ഭരിച്ചതും. ആരുടെയും ഔദാര്യമില്ലാതെ കേന്ദ്രവും സംസ്ഥാനങ്ങളും കയ്യിലിട്ട് അമ്മാനമാടാന്‍ കിട്ടിയ അവസരം യഥാവിധി പ്രയോജനപ്പെടുത്താതിരുന്നതിന്റെ അനിവാര്യ ഫലമാണ് പാര്‍ട്ടിക്ക് പിന്നീട് അടിക്കടിയുണ്ടായ ശക്തിക്ഷയം. ഗാന്ധിജി അനാസക്തിയിലൂടെയും സഹനത്തിലൂടെയും സംഘശക്തി സമാഹരിക്കാനാണ് ശ്രമിച്ചത്. അദ്ദേഹം പ്രകടിപ്പിച്ച അനിതരസാധാരണമായ കഴിവും മനസ്ഥൈര്യവും ശിശുസഹജമായ നിഷ്‌ക്കളങ്കതയും സ്വാതന്ത്യമുള്‍പ്പെടെ കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങള്‍ കൊയ്യാന്‍ സഹായകമായി. ഉത്തമരും കര്‍മനിരതരുമായ നേതൃത്വത്തിന്റെ കൈകളില്‍ രാജ്യത്തിന്റെ ഭാഗധേയം ഏല്‍പിച്ചതിന് ശേഷമാണ് ആ മഹാത്മാവ് ചരിത്രത്തിലേക്ക് കയറിപ്പോയത്. രാഷ്ട്രീയപ്രവര്‍ത്തനം സമര്‍പ്പിതമായ തപസ്യയാണെന്ന് സ്വജീവിതത്തിലൂടെ തെളിയിച്ച അപൂര്‍വ വ്യക്തിത്വങ്ങളായിരുന്നു രാഷ്ട്രപിതാവിന്റെ സഹപ്രവര്‍ത്തകരും. തികവും മികവും സനിഷ്‌ക്കര്‍ഷം പുലര്‍ത്തിയ അവര്‍ രാജ്യതന്ത്രജ്ഞതയുടെ പട്ടുപാതയിലൂടെ ഇന്ത്യയെ മുമ്പോട്ടുനയിക്കാന്‍ പരമാവധി പരിശ്രമിക്കുകയുണ്ടായി. പണ്ഡിറ്റ് നെഹറുവും ലാല്‍ ബഹദൂര്‍ ശാസ്ത്രിയും അബുല്‍കലാം ആസാദും പട്ടേലും മൊറാര്‍ജി ദേശായിയും ഇന്ദിരയുമെല്ലാം അക്കൂട്ടത്തില്‍പെടും.
പ്രതിഭാ ദാരിദ്ര്യമായിരുന്നു പിന്നീട് നേതൃത്വത്തില്‍ വന്നവരുടെ പ്രധാന പ്രതിസന്ധി. രാഷ്ട്രീയക്കാര്‍ സദാചാരത്തിന്റെ മൂര്‍ത്തികളായിരിക്കണമെന്ന ചിന്തക്ക് അതോടെ മങ്ങലേറ്റുതുടങ്ങി. പൊതുജീവിതത്തിന്റെ സംശുദ്ധിയും ലാളിത്യവും കൈമോശം വന്നതോടെ പാര്‍ട്ടി പ്രവര്‍ത്തനം മാത്രമല്ല ഭരണക്രമവും താളുതെറ്റി. ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുമ്പോഴും അക്രമികള്‍ക്ക് മുമ്പില്‍ നേതൃത്വം മുട്ടുമടക്കുന്നത് രാജ്യം വേദനയോടെ കണ്ടു. സ്‌ഫോടകശേഷിയുള്ള പ്രശ്‌നങ്ങളെ വിലകൊടുത്ത് വാങ്ങിയ രാജീവ്ഗാന്ധിയും നരസിംഹറാവുവും അത് സമ്മാനിച്ച തിക്താനുഭവങ്ങള്‍ക്ക് മുന്നില്‍ പകച്ചുനിന്നു.
കോണ്‍ഗ്രസിന്റെ പാരമ്പര്യത്തെ ആരും ചോദ്യംചെയ്യില്ല. അതിന്റെ പൈതൃകത്തെ തള്ളിപ്പറയാനും നിഷേധിക്കാനും ആര്‍ക്കും കഴിയുകയുമില്ല. എന്നാല്‍ ഇല്ലായ്മയുടെ വറുതിത്തറയില്‍ വലിയ ബാധ്യതകളോടെ രാജ്യത്തെയെത്തിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് അവര്‍ക്ക് ഒരിക്കലും കൈകഴുകാനാവില്ല. കള്ളപ്പണക്കാരും അഴിമതിക്കാരും കൂറുമാറ്റക്കാരും മാഫിയാ സംഘങ്ങളും രാജ്യത്തിന്റെ പുരോഗതിയില്‍ പ്രതിസന്ധി സൃഷ്ടിച്ചതിലും കോണ്‍ഗ്രസിന്റെ സംഭാവന ചെറുതല്ല. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണല്ലോ 2ജി സ്‌പെക്ട്രം അഴിമതി. 175000 കോടി രൂപയുടെ അഴിമതിയെന്നത് 120 കോടി ജനങ്ങളുള്ള രാജ്യത്തിന് താങ്ങാവുന്നതാണോ? ഇത്തരം വിവാദപ്രശ്‌നങ്ങളില്‍ പെട്ട് പാര്‍ലമെന്റ് പോലും ആഴ്ചകളോളം സ്തംഭിക്കുന്ന അവസ്ഥയെ കോണ്‍ഗ്രസ് നേരിട്ട രീതി കണ്ടാലറിയാം ഊരിലെ പഞ്ഞം.
ഇതിനിടയില്‍ കോണ്‍ഗ്രസിനെ പലവട്ടം ജനങ്ങള്‍ കൈവിടാന്‍ നിര്‍ബന്ധിതമായി. പലരേയും ജനം മാറിമാറി പരീക്ഷിച്ചുനോക്കി. പകരക്കാരിലും നല്ലൊരു പങ്ക് പഴയ കോണ്‍ഗ്രസുകാര്‍ തന്നെയായിരുന്നു. അധികാരമെന്ന ലക്ഷ്യത്തിലേക്കുള്ള അന്ധമായ കുതിപ്പില്‍ ആദര്‍ശങ്ങളും തത്വങ്ങളും അവരും കയ്യൊഴിയുന്നത് കണ്ടപ്പോഴാണ് തമ്മില്‍ ഭേദം തൊമ്മനെന്ന നിലയില്‍ ജനങ്ങള്‍ പിന്നെയും പഴയ കോണ്‍ഗ്രസിനെ തന്നെ വരിക്കാന്‍ നിര്‍ബന്ധിതരായത്. കോണ്‍ഗ്രസിന്റെ ഒറ്റകക്ഷി ഭരണം എന്ന അഹങ്കാരം അവസാനിപ്പിച്ചുവെന്നത് ഇന്ത്യന്‍ജനതക്ക് ഒരു ബഹുമതിയായി അവകാശപ്പെടാമെന്ന് തോന്നുന്നു.
നരസിംഹറാവുവിന് ശേഷം പ്രതിസന്ധിയില്‍ വലഞ്ഞ കോണ്‍ഗ്രസിന് രക്ഷയായി വര്‍ത്തിച്ചത് സോണിയാഗാന്ധിയാണെന്ന വസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ല. ആഗോളവല്‍ക്കരണത്തിലും സാമ്രാജ്യത്വ ദാസ്യത്തിലും അല്പം മുന്നിലാണെങ്കിലും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്റെ പ്രകടനവും പാര്‍ട്ടിയെ വലിയ പരുക്കേല്‍ക്കാതെ നിലനിര്‍ത്തുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്. ഇനിയും രാജ്യത്ത് ശോഭനമായ ഭാവിയുള്ള പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണ്. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാനും വളരാനും അവര്‍ക്ക് കഴിയുന്നില്ലെന്നത് മറ്റൊരു കാര്യം. 126-#ാ#ം വയസ്സിലേക്ക് കടക്കുമ്പോഴെങ്കിലും അവര്‍ ആത്മപരിശോധന നടത്തുമെന്ന് പ്രത്യാശിക്കാം.
കോണ്‍ഗ്രസ്സ് മെമ്പര്‍ പോലുമല്ലാതിരുന്ന ഗാന്ധി കോണ്‍ഗ്രസ്സിനെ നിയന്ത്രിച്ചു എന്നത് അദ്ദേഹത്തിന്റെ കഴിവ് തന്നെയല്ലേ. പക്ഷേ ആ അവസരത്തിലും തന്റെ ഇഷ്ടത്തിന് വിപരീതമായി കോണ്‍ഗ്രസ്സില്‍ ഒന്നും നടക്കരുതെന്ന “വാശി”യും അദ്ദേഹത്തിനുണ്ടായതു കൊണ്ടല്ലേ ജനാധിപത്യപരമായി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട സുബാഷിന് ഗാന്ധിയുടെ നിസ്സഹകരണം മൂലം രാജി വെയ്ക്കേണ്ടി വന്നത്. ഗാന്ധിയുടെ ഈ മനോഭാവം തന്നെയല്ലേ പിന്നീട് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ വന്ന പലരിലും കണ്ടത്. ഇപ്പോഴുള്ള പലരിലും കാണുന്നത്. അന്ന് ഗാന്ധിയെ സഹായിക്കാന്‍ ബിര്‍ള എങ്കില്‍ ഇന്നുള്ളവരെ സഹായിക്കുവാന്‍ ടാറ്റ-ബിര്‍ള-അംബാനിമാരും.
ReplyDeleteസൂക്ഷമമായി നിരീക്ഷിച്ചാല്‍ 1942ല്‍ ക്വിറ്റ് ഇന്ത്യ എന്ന് ഗാന്ധി പറയുന്നത് വരെ കോണ്‍ഗ്രസ്സിലെ ഗാന്ധിയുടെ നേതൃത്വത്തിലുള്ളവര്‍ ഇന്ത്യയ്ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം വേണമെന്ന് പറഞ്ഞിട്ടുണ്ടോ? കോണ്‍ഗ്രസ്സ് സ്ഥാപിക്കാന്‍ കാരണമായ ലക്ഷ്യമായ സ്വയം ഭരണാവകാശമെന്ന ആശയം തന്നെ അല്ലേ ഗാന്ധി അത് വരെ മുന്നോട്ട് വെയ്ക്കുന്നത്. എന്നാല്‍ അന്നത്തെ കോണ്‍ഗ്രസ്സ് യൂത്ത് വിങ് പൂര്‍ണ സ്വാതന്ത്ര്യത്തിനായി വാദിച്ചിരുന്നു എന്നും ചരിത്രം.