കശ്മീരിന് പ്രത്യേക പദവി അനുവദിച്ച ഭരണഘടനയിലെ 370-ാം വകുപ്പ് എടുത്തുകളയണമെന്ന ആവശ്യം ബി ജെ പിയടക്കമുള്ള സംഘ്പരിവാര്‍ സംഘടനകള്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. തരം കിട്ടുമ്പോഴെക്കെ അവര്‍ ആവശ്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. കശ്മീരില്‍ കഴിഞ്ഞദിവസം ചേര്‍ന്ന ബി ജെ പിയുടെ പ്രത്യേകയോഗം പാസ്സാക്കിയ പ്രമേയത്തിന്റെ ഉള്ളടക്കവും ഇതുതന്നെ. കശ്മീരിലെ കുഴപ്പങ്ങള്‍ക്കെല്ലാം ഈ വകുപ്പാണ് കാരണമെന്ന് ബി ജെ പി നേതാവ് അരുണ്‍ജയ്റ്റ്‌ലി വാര്‍ത്താസമ്മേളനത്തിലും അഭിപ്രായപ്പെടുകയുണ്ടായി. രാജ്യത്തിന്റെ മര്‍മ്മപ്രധാന ഭാഗമെന്ന നിലയില്‍ സദാ ജാഗ്രതയോടെ വര്‍ത്തിക്കേണ്ട കശ്മീരിന്റെ കാര്യത്തില്‍ ബി ജെ പി എന്തുകൊണ്ട് ചരിത്രത്തെ കൊഞ്ഞനംകുത്തുന്ന നയം സ്വീകരിക്കുന്നുവെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ അവരുടെ ഗതകാല ചരിത്രം അറിയുന്ന ആര്‍ക്കും പ്രയാസമുണ്ടാവില്ല.
സ്വതന്ത്രഭാരതം കശ്മീരികള്‍ക്ക് നല്‍കിയ ഉറപ്പ്പാലിക്കാന്‍ ഇവിടുത്തെ ഭരണാധികാരികള്‍ ബാധ്യസ്ഥരാണ്. കശ്മീര്‍ സ്വതന്ത്രരാഷ്ട്രമായി തുടരണമെന്നായിരുന്നുവല്ലോ അവിടുത്തെ രാജാവായിരുന്ന ഹരിസിങ്ങിന്റെ ആഗ്രഹം. എന്നാല്‍ ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന മുസ്‌ലിംകളുടെ ഇംഗിതം കശ്മീര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കണമെന്നായിരുന്നു. പാക്കിസ്താനില്‍ ചേരണമെന്ന് അവരില്‍ ആരെങ്കിലും വാദിക്കുകയോ അതിന് വേണ്ടി പ്രക്ഷോഭം സംഘടിപ്പിക്കുകയോ ചെയ്തിട്ടില്ല. ഇന്ത്യയില്‍ ആശങ്കക്ക് അവകാശമില്ലെന്ന് കശ്മീരിലെ ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്താനാണ് ഇന്ത്യാ ഗവണ്‍മെന്റ് കശ്മീരിന് സ്വയംഭരണാധികാരം പ്രഖ്യാപിച്ചത്. അതിന് പരിരക്ഷ നല്‍കുന്ന വകുപ്പാണ് 370. അവിടുത്തെ ന്യൂനപക്ഷത്തിന്റെയും ഭൂരിപക്ഷത്തിന്റെയും ആത്മവിശ്വാസവും സുരക്ഷാബോധവും വളര്‍ത്താനാണ് ഇങ്ങനെ ചെയ്തതെങ്കിലും കാലക്രമേണ ആ വകുപ്പിന്റെ പേരില്‍ പീഡനങ്ങളേറ്റുവാങ്ങാന്‍ മാത്രമാണ് അന്നാട്ടുകാര്‍ വിധിക്കപ്പെട്ടത്.
370-ാം വകുപ്പിന്റെ അകമ്പടിയുണ്ടായിട്ടും സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ കശ്മീരികള്‍ക്ക് നാളിതുവരെ സാധിക്കാതെപോയതില്‍ ബി ജെ പിക്ക് അശേഷം ആശങ്കയില്ല. ജനങ്ങളെ ക്രൂശിക്കാനായിരുന്നോ ഈ വകുപ്പ് ഭരണഘടനാ ശില്‍പികള്‍ എഴുതിച്ചേര്‍ത്തത്? ഒരിക്കലും അങ്ങനെയാവാന്‍ തരമില്ല. കശ്മീരിലെ പട്ടാളക്കാര്‍ക്ക് നല്‍കിയ പ്രത്യേക അധികാരം ലഘൂകരിക്കണമെന്ന ആവശ്യത്തോടും പ്രധാനമായും പുറംതിരിഞ്ഞുനില്‍ക്കുന്നതും ബി ജെ പി തന്നെ. ബി ജെ പി ഭരണത്തില്‍ 370-ാം വകുപ്പ് എടുത്തുകളയാന്‍ ശക്തമായ നീക്കം നടന്നിരുന്നതാണ്. എന്‍ ഡി എ ഘടകകക്ഷികള്‍ അനുകൂലിക്കാതിരുന്നതുകൊണ്ടുമാത്രമാണ് ലക്ഷ്യം അന്ന് പൂവണിയാതെപോയത്.
രാജ്യത്ത് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും, തോക്കിന്റെ ഭീഷണിയില്‍ നില്‍ക്കുമ്പോഴും ജനാധിപത്യവാഴ്ചക്ക് ശക്തിപകര്‍ന്നവരാണ് കശ്മീരികള്‍. ഫാസിസ്റ്റുകളുടെയും വര്‍ഗീയവാദികളുടെയും തീവ്രവാദികളുടെയും പ്രകോപനങ്ങളെ വകഞ്ഞുമാറ്റി ഹിംസയുടെ കാര്‍ക്കശ്യത്തെ വെല്ലുവിളിച്ച അവര്‍, രാജ്യത്തിന്റെ ഭരണാധികാരികളിലായിരുന്നു പ്രതീക്ഷ അര്‍പ്പിച്ചിരുന്നത്. നടുക്കുന്ന യാഥാര്‍ഥ്യങ്ങളെ സഗൗരവം സമീപിക്കുമെന്നും കലാപങ്ങളില്‍നിന്നും ഭീതിയില്‍നിന്നും ശാശ്വതമോചനം ലഭിക്കുമെന്നും പുരോഗതിയുടെയും വികസനത്തിന്റെയും ശുദ്ധവായു ശ്വസിക്കാന്‍ അവസരമൊരുങ്ങുമെന്നും അവര്‍ പ്രത്യാശിച്ചു.
എന്നാല്‍ സനിഷ്‌ക്കര്‍ഷം വര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയമനസ്സ് നമുക്ക് ഇല്ലാതെപോയി. കശ്മീരികളുടെ സ്വപ്നങ്ങള്‍ക്ക് ചിറക്‌നല്‍കാന്‍ എന്തുകൊണ്ട് രാജ്യത്തിന് കഴിഞ്ഞില്ല എന്നത് പഠനവിധേയമാക്കുവാന്‍ ഇപ്പോഴും ആര്‍ക്കും നേരമില്ല. റോഡുകളും പാലങ്ങളും നിര്‍മിക്കുകയും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ യഥേഷ്ടം സ്ഥാപിക്കുകയും ചികിത്സാരംഗം കാര്യക്ഷമമാക്കുകയും ചെയ്യുന്നതുപോകട്ടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്ന പ്രാഥമിക കടമ യഥാവിധി നിര്‍വഹിക്കാനുള്ള സത്വരനടപടികള്‍ പോലും ഉണ്ടായില്ല. തീവ്രവാദികളും കലാപകാരികളും ജന്മമെടുക്കാനാണ് ഇത് വഴിവെച്ചത്.
കലാപകാരികളെ അമര്‍ച്ച ചെയ്യാന്‍ കൈക്കൊള്ളുന്ന നടപടികള്‍ പോലെയോ അതിലധികമോ പ്രധാനപ്പെട്ടതാണ് കശ്മീരിലെ അരക്ഷിത സാഹചര്യത്തിനു അറുതിവരുത്തുകയെന്നത്. കശ്മീര്‍പ്രശ്‌നം ആഗോളതലത്തിലും ഐക്യരാഷ്ട്രസഭയിലും പാക്കിസ്താനും മറ്റുരാഷ്ട്രങ്ങളും ചര്‍ച്ചാവിഷയമാക്കുമ്പോള്‍ നെറ്റിചുളിക്കാറുള്ള നാം വിഷയത്തിന്റെ ആഴങ്ങളിലേക്ക് കടന്നുചെല്ലാന്‍ ഇപ്പോഴും വൈമുഖ്യം കാണിക്കുകയാണ്. പൊലീസും സുരക്ഷാസേനയും നടത്തുന്ന വെടിവെപ്പുകളില്‍ സ്ത്രീകളുള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു. നിരപരാധികളായ യുവാക്കളെ നിറത്തോക്കിനിരയാക്കുന്നത് പട്ടാളക്കാര്‍ക്ക് ഒരു ഹോബിയായി മാറി. ചിലപ്പോള്‍ സംഘര്‍ഷങ്ങളില്‍ അയവുവരുന്നത് നാട്ടുകാര്‍ ചെയ്ത ഏതോ സുകൃതംകൊണ്ട് മാത്രമാണ്.
സംസ്ഥാന സര്‍ക്കാരുകള്‍ പോലും അവിടെ കാഴ്ചക്കാരായി മാറുന്നു. ഫാറുഖ് അബ്ദുല്ലയും മുഫ്തി മുഹമ്മദ് സഈദും ഗുലാംനബി ആസാദും ഇപ്പോള്‍ ഉമര്‍ അബ്ദുല്ലയുമെല്ലാം മുഖ്യമന്ത്രിയമാരായി വന്നിട്ടും വലിയ പ്രയോജനമില്ല. വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാവുകയാണ്. ബി ജെ പി ആഗ്രഹിക്കുന്നതും അതാണ്. എരിതീയില്‍ എണ്ണയൊഴിക്കലാണല്ലോ അവരുടെ കുലത്തൊഴില്‍. അതുകൊണ്ടാവാം പ്രശ്‌നപരിഹാരം ലക്ഷ്യത്തിന്റെ നാലയലത്ത്‌പോലും എത്താത്തത്. കാശ്മീരികളുടെ വികാരവും അവരുടെ യഥാര്‍ഥപ്രശ്‌നവും തിരച്ചറിയാന്‍ ഇനിയും നമുക്ക് സാധിച്ചിട്ടില്ല. പരിഹാരം വൈകുന്തോറും ജനങ്ങളെ തട്ടുകളാക്കി മുതലെടുക്കാനുള്ള ശ്രമങ്ങള്‍ക്കും ആക്കം കൂടുകയാണ്. ബി ജെ പിയുടെ ലക്ഷ്യം മനസ്സിലാക്കി ദേശീയബോധവും ദീര്‍ഘവീക്ഷണവും പ്രകടിപ്പിക്കാന്‍ സന്മനസ്സ് കാണിക്കേണ്ടത് സര്‍ക്കാരും രാഷ്ട്രീയനേതൃത്വങ്ങളുമാണ്.
കാശ്മീരികളുടെ വികാരവും അവരുടെ യഥാര്‍ഥപ്രശ്‌നവും തിരച്ചറിയാന്‍ ഇനിയും നമുക്ക് സാധിച്ചിട്ടില്ല. പരിഹാരം വൈകുന്തോറും ജനങ്ങളെ തട്ടുകളാക്കി മുതലെടുക്കാനുള്ള ശ്രമങ്ങള്‍ക്കും ആക്കം കൂടുകയാണ്. ബി ജെ പിയുടെ ലക്ഷ്യം മനസ്സിലാക്കി ദേശീയബോധവും ദീര്‍ഘവീക്ഷണവും പ്രകടിപ്പിക്കാന്‍ സന്മനസ്സ് കാണിക്കേണ്ടത് സര്‍ക്കാരും രാഷ്ട്രീയനേതൃത്വങ്ങളുമാണ്.
ReplyDelete