Friday, December 17, 2010

വാഴ്‌സിറ്റി നിയമനം: വൈകിയുദിച്ച വിവേകം

തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും ചുഴിയില്‍പെട്ട് ഉഴറുന്ന കേരളം ബുധനാഴ്ച വിവേകത്തിന്റെ നേരിയ സ്വരം കേട്ടു. ഉദ്യോഗനിയമനങ്ങളില്‍ വന്യനീതി മറയേതുമില്ലാതെ നര്‍ത്തനമാടുന്നതിനിടയില്‍ കേട്ട സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനത്തിന് തിളക്കം കൂടും. സുരക്ഷിതത്വത്തില്‍ നിന്ന് അനിശ്ചിതത്വത്തിലേക്കും അരക്ഷിതത്വത്തിലേക്കും നടന്നുനീങ്ങാന്‍ വിധിക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അനുഭവങ്ങളുടെ മരുഭൂമിയില്‍നിന്ന് താല്‍ക്കാലിക ആശ്വാസം. കേരളത്തിലെ സര്‍വകലാ നിയമനങ്ങള്‍ പബ്‌ളിക് സര്‍വീസ് കമീഷന് വിടാനുള്ള മന്ത്രിസഭാ തീരുമാനം നിയമനത്തട്ടിപ്പുകളുടെ അഗ്നിഗാഥകള്‍ കേട്ട് പകച്ചുനില്‍ക്കുന്നവര്‍ക്ക് വലിയ പ്രത്യാശ പകരുമെന്നുറപ്പ്. അനധ്യാപക നിയമനങ്ങള്‍ക്ക് മാത്രമാണ് തീരുമാനം ബാധകം. അധ്യാപക നിയമനം ഇപ്പോഴും സര്‍വകലാശാലാ സിണ്ടിക്കേറ്റിന്റെ അധികാരപരിധിയില്‍ തന്നെ. എങ്കിലും സാമൂഹിക പ്രവര്‍ത്തകരുടെയും അക്കാദമിക് വിദഗ്ധരുടെയും ചിരകാലസ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടുന്നതിന്റെ നാന്ദിയായി ഇതിനെ കാണാം. പി എസ് സി നിയമനം കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്താനുള്ള നടപടിയും ഇതോടൊപ്പം തന്നെ കൈക്കൊള്ളാനും സര്‍ക്കാര്‍ തയാറാവണം.
കേരള യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് നിയമനത്തിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തിലാണ് നിയമനങ്ങള്‍ പി എസ് സി ക്ക് വിടാന്‍ തീരുമാനിച്ചത്. ഹൈക്കോടതി നിയോഗിച്ച എന്‍ സുകുമാരന്‍ കമ്മീഷന്‍ ക്രമക്കേട് ചൂണ്ടിക്കാട്ടിയിരുന്നു. വര്‍ഷംതോറും ആയിരക്കണക്കിന് നിയമനങ്ങളാണ് യൂനിവാഴ്‌സിറ്റികള്‍ നടത്തുന്നത്. ഉന്നത രാഷ്ട്രീയ നേതാക്കളുടെയും സിണ്ടിക്കേറ്റ് അംഗങ്ങളുടെയും അടുത്ത ബന്ധുക്കളാണ് ഇങ്ങനെ നിയമനം നേടിയവരില്‍ അധികവും. നിയമനങ്ങളില്‍ യോഗ്യരല്ലാത്തവരെ തിരുകിക്കയറ്റുന്നതോടൊപ്പം സംവരണം കാറ്റില്‍പറത്തുകയും ചെയ്യുന്നു. സുകുമാരന്‍ കമ്മീഷന്‍ ക്രമക്കേട് കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ പിന്‍വാതില്‍ വഴി നിയമനം നേടിയവര്‍ മാത്രമല്ല മെറിറ്റ് ലിസ്റ്റില്‍ കടന്നുകൂടിയവരും ആശങ്കയിലായിരുന്നു. പി എസ് സി നടത്തിയ എഴുത്തുപരീക്ഷയില്‍പോലും പങ്കെടുക്കാതെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ചിലര്‍ സ്ഥിരനിയമനം നേടിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന മുഴുവന്‍ സ്ഥാപനങ്ങളിലെയും നിയമനം പി എസ് സിയെ  ഏല്‍പിക്കാനുള്ള തീരുമാനം ഇനിയെങ്കിലും യാഥാര്‍ഥ്യമാക്കാന്‍ സത്വര നടപടി കൂടിയേ തീരൂ.
പിന്‍വാതില്‍ നിയമനത്തിലൂടെ പാര്‍ട്ടിക്കാരെ തിരുകിക്കയറ്റുന്നതില്‍ ആരും മോശക്കാരല്ല.  സി പി എം ഇക്കാര്യത്തില്‍ ബഹുദൂരം മുന്നിലാണെന്ന് മാത്രം. വലുപ്പത്തില്‍ ചെറുപ്പമാണെങ്കിലും സി പി ഐക്കാരും മോശക്കാരല്ലെന്നാണ് കല്‍പ്പറ്റ സംഭവങ്ങള്‍ നല്‍കുന്ന സൂചന. എല്ലാ ജില്ലകളക്‌ട്രേറ്റുകളിലെയും അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ഭരിക്കുന്നത് ജോയിന്റ് കൗണ്‍സില്‍ നേതാക്കളാണ്. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ഒമ്പത് പൊതുമേഖലാ സ്ഥാപനങ്ങളില്‍ രണ്ടായിരം പേരെ നിയമിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. പാര്‍ട്ടിക്കാര്‍ക്ക് മാത്രമായിരിക്കും ഇവിടെയും നിയമനം ലഭിക്കുക. അതുകൊണ്ട് എല്ലാ വകുപ്പിലും ഇതപര്യന്തം നടന്ന എല്ലാ നിയമനങ്ങളെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തുക തന്നെ വേണം.
രാഷ്ട്രീയ ഇടപെടലുകളില്‍ കുരുങ്ങി അടിവസ്ത്രം പോലും കീറിപ്പോയ നാടാണ് നമ്മുടേത്. അനീതിയെ അരിയിട്ടു വാഴിക്കാത്ത പാര്‍ട്ടി ഏതെന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ നാം കുഴങ്ങും. ഭയാനകമായ ധാര്‍മികശോഷണമാണിത്. നാം കാത്തുസൂക്ഷിച്ച മഹിതപാരമ്പര്യങ്ങളെല്ലാം തകിടം മറിയുമ്പോള്‍ നിസ്സഹായതയോടെ അഭിമുഖീകരിക്കാനാണ് രാഷ്ട്രീയ പ്രബുദ്ധതക്കും സാക്ഷരതക്കും പുകള്‍പെറ്റ മലയാളിയുടെ നിയോഗം. പൊതുവേദിയില്‍ മാത്രമല്ല നിയമനിര്‍മാണ വേദികളിലും അഴിമതിക്കും അരുതായ്മകള്‍ക്കുമെതിരെ അട്ടഹസിക്കുന്നവര്‍ തീക്കളിയുടെ പുകപടലമുയര്‍ത്തുമ്പോള്‍  മൗനംകൊണ്ട് അംഗീകരിക്കാന്‍ നാം വിധിക്കപ്പെട്ടിരിക്കുന്നു.
മന്ത്രിസഭാ തീരുമാനത്തിന്റെ വെളിച്ചത്തില്‍ ഇപ്പോള്‍ നടത്താന്‍ നിശ്ചയിച്ച ഒരു പിടി നിയമനങ്ങള്‍ തടസ്സപ്പെട്ടേക്കാം. സിണ്ടിക്കേറ്റിലെ രാഷ്ട്രീയക്കാരുടെ തിളപ്പ് കുറക്കാന്‍ ഇത് സഹായിക്കും.  രാഷ്ട്രീയക്കാരുടെ സിണ്ടിക്കേറ്റ് മോഹത്തിന് അറുതി യാവുകയും ചെയ്യും. യൂനിവാഴ്‌സിറ്റികളെ യഥാര്‍ഥത്തില്‍ നിയന്ത്രിക്കുന്നത് സിണ്ടിക്കേറ്റും അതിലെ രാഷ്ട്രീയ പ്രതിനിധികളുമാണല്ലോ.
എന്നാല്‍ നിലവിലുള്ള റാങ്ക് ലിസ്റ്റുകളില്‍ നിയമനം നടത്തുന്നതിന് വിലക്കുണ്ടാവില്ല. ഹൈക്കോടതി നേരിട്ട് നിയമിച്ച എന്‍ സുകുമാരന്‍ കമ്മീഷന്‍ കേരള യൂനിവാഴ്‌സിറ്റി നിയമത്തിലെ ക്രമക്കേടു കണ്ടെത്തുന്നതിന് മുമ്പ് ലോകായുക്ത ജസ്റ്റിസ് എന്‍ കൃഷ്ണന്‍ നായര്‍ നിയമനം റദ്ദാക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സര്‍വകലാശാലയോ സര്‍ക്കാരോ കൂട്ടാക്കിയില്ല. കേരളക്ക് പുറമെ കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ കാര്‍ഷിക, സംസ്‌കൃത സര്‍വകലാശാലകളിലും നിയമനത്ത കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. കോഴിക്കോട് സര്‍വകലാശാലയില്‍ നിയമിച്ചവരെ പിരിച്ചുവിട്ട ശേഷം യഥാര്‍ഥ ലിസ്റ്റില്‍നിന്ന് നിയമനം നടത്താന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയുണ്ടായി. ഇതുസംബന്ധിച്ച കേസിലും സര്‍വകലാശാലാ നിയമനങ്ങളെല്ലാം പി എസ് സിക്ക് വിടണമെന്ന് കോടതി വാക്കാല്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. നിയമനം പി എസ് സി വഴിയാക്കുന്നതിന് ഓരോ സര്‍വകലാശാലയിലെയും നിയമം ഭേദഗതി ഭേദഗതി ചെയ്യേണ്ടിവരും. ഇത് നിയമസഭയിലവതരിപ്പിച്ച് പാസ്സാക്കുകയോ ഓര്‍ഡനന്‍സായി കൊണ്ടുവരികയോ ചെയ്യണം. ഇതിന് ഇനിയും മാസങ്ങളെടുത്തേക്കും.
നിലവില്‍ സിണ്ടിക്കേറ്റുകള്‍ക്കാണ് നിയമനം നടത്താനുള്ള അധികാരം. ഈ അധികാരം പരമാവധി ഉപയോഗപ്പെടുത്താനാഗ്രഹിക്കുന്നതിനാലാവണം സിണ്ടിക്കേറ്റില്‍ കയറിപ്പറ്റാന്‍ ശക്തമായ വടംവലി നടക്കുന്നത്. മന്ത്രിസഭയുടെ തീരുമാനമനുസരിച്ച് സര്‍വകലാശാല അനധ്യാപക നിയമനം ഏറ്റെടുക്കാന്‍ പി എസ് സി ചെയര്‍മാനും സമ്മതിച്ചിട്ടുണ്ട്.
എന്തായാലും നിയമനത്തട്ടിപ്പുകളുടെ പട്ടിക വിവിധ വകുപ്പുകളില്‍നിന്ന് പുറത്തുവന്ന് തുടങ്ങിയപ്പോഴെങ്കിലും സര്‍ക്കാര്‍ കണ്ണുതുറന്നത് നന്നായി.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...