Thursday, December 23, 2010

കരുണാകരന്‍: രാഷ്ട്രീയ വേദിയിലെ ഉജ്ജ്വലപ്പോരാളി

അധികാര രാഷ്ട്രീയത്തിന്റെ മര്‍മ്മം തിരിച്ചറിഞ്ഞ് ഏഴുപതിറ്റാണ്ടിലേറെ കേരളത്തിന്റെ പൊതുജീവിതത്തില്‍ നിറഞ്ഞുനിന്ന ലീഡര്‍ കഥാവശേഷനായി. ജന്മദേശമായ കണ്ണൂരില്‍ നിന്നും തൃശൂര്‍ വഴി അനന്തപുരിയിലെത്തി, സംസ്ഥാനത്തിന്റെ അധികാര സിംഹാസനം അതിശക്തരായ കമ്മ്യൂണിസ്റ്റുകാരില്‍ നിന്നും പിടിച്ചുവാങ്ങിയ കണ്ണോത്ത് കരുണാകര മാരാര്‍ രാഷ്ട്രീയത്തിലെ വിസ്മയകരമായ പ്രതിഭാസം തന്നെയായിരുന്നു. ചുമതലാബോധത്തിന്റെ തെളിച്ചം ആ ജീവിതത്തിലുടനീളം ത്രസിച്ചുനിന്നു. പ്രതിസന്ധികളെ ഉത്സവമാക്കി മാറ്റിയ ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായ ഈ അനുയായിക്ക് നേതാവിനെ പോലെ ആഘാതങ്ങള്‍ ഏറെ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നത് ചരിത്രം. എങ്കിലും പൊതുജീവിതത്തില്‍ അന്ത്യം വരെ ഉറച്ചുനിന്നു. ഉത്തരവാദിത്വത്തില്‍ നിന്നു ഒരിക്കലും അദ്ദേഹം ഒളിച്ചോടിയില്ല.
ലോകത്ത് കമ്മ്യൂണിസ്റ്റുകള്‍ ബാലറ്റ് പേപ്പറിലൂടെ ആദ്യമായി അധികാരത്തില്‍ വന്നത് കേരളത്തിലാണല്ലോ. അന്നു തുടങ്ങിയതാണു കോണ്‍ഗ്രസിന്റെ തളര്‍ച്ച. 60കളുടെ തുടക്കത്തില്‍ മുക്കൂട്ട് മുന്നണിയിലൂടെ തിരിച്ചുവരവ് നടത്തിയെങ്കിലും അല്പായുസ്സായിപ്പോയി. സപ്തമുന്നണിയുണ്ടാക്കി  67ല്‍ മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി ഭരണം തിരിച്ചുപിടിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ നില അതിദയനീയമായി. 133അംഗ  സഭയില്‍ പാര്‍ട്ടി കേവലം ഒമ്പത് സീറ്റില്‍ ഒതുങ്ങി. കരുണാകരനായിരുന്നു അസംബ്‌ളി പാര്‍ട്ടി ലീഡര്‍. 69ല്‍ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ പിളര്‍ന്നപ്പോള്‍ അസംബ്ലി പാര്‍ട്ടിയും നെടുകെ മുറിഞ്ഞു. തുടര്‍ന്നു നാല് എം.എല്‍.എമാരുമായി ലീഡര്‍ നടത്തിയ അതിസാഹസിക യാത്ര അത്ഭുതാവഹമാണ്. നാണക്കേടുകള്‍ വേട്ടയാടിയ സംസ്ഥാനത്തെ കോണ്‍ഗ്രസ്സിന്റെ നഷ്ടസ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കിയത് കരുണാകരനാണ്. മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന സപ്തമുന്നണിയെ 32മാസം കൊണ്ടു അദ്ദേഹം കെട്ടുകെട്ടിച്ചു. പകരം കോണ്‍ഗ്രസ് പിന്തുണയില്‍ പുതിയ സര്‍ക്കാറിനെ അവരോധിക്കുകയും ചെയ്തു. ഇ.എം.എസായിരുന്നു സപ്തമുന്നണിയുടെ മുഖ്യമന്ത്രിയെന്നും ഓര്‍ക്കുക.
അച്ചുതമോനോന്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായി അധികാര രാഷ്ട്രീയത്തിലേക്ക് പാദമൂന്നിയ കരുണാകരന് ചുറ്റുമായി പിന്നെ കേരള രാഷ്ട്രീയം. മലയാളക്കരയെ നക്‌സലൈറ്റുകള്‍ വിറപ്പിച്ച കാലം. ആഭ്യന്തര വകുപ്പു ഉണര്‍ന്നുപ്രവര്‍ത്തിച്ചതോടെ അവരുടെ പ്രതീക്ഷകള്‍ക്ക് പട്ടടയൊരുങ്ങി. 71ലെ തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷം മാത്രമുണ്ടായിരുന്ന ജനാധിപത്യമുന്നണിയെ അടിയന്തരാവസ്ഥക്ക് ശേഷം 1977ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് കേരളജനത അധികാരത്തിലേറ്റിയത്. തുടര്‍ച്ചയായി രണ്ടുതവണ ഭരണം കയ്യാളാന്‍ ഒരു മുന്നണിക്ക് ലഭിച്ച അപൂര്‍വ അവസരം അത് മാത്രമായിരുന്നു.
രാജന്‍ സംഭവത്തിന്റെ പേരില്‍ പക്ഷെ കരുണാകരന് അധികാരത്തില്‍ തുടരാനായില്ല. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു അദ്ദേഹം മാതൃകകാട്ടി. അടിയന്തരാവസ്ഥയുടെ പേരില്‍ കോണ്‍ഗ്രസും ഇന്ദിരയും ദയനീയ തോല്‍വി ഏറ്റുവാങ്ങിയപ്പോഴും കേരളത്തിലെ കോണ്‍ഗ്രസിന് ഒരു പോറലും ഏറ്റിരുന്നില്ലെന്ന് കൂടി ഓര്‍ക്കുക. 82ല്‍ കരുണാകരന്‍ വീണ്ടും മുഖ്യമന്ത്രിയായി.  സംസ്ഥാനത്ത് മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുന്നതില്‍ എന്നും അദ്ദേഹം  ബദ്ധശ്രദ്ധനായിരുന്നു. 71 ല്‍ തലശ്ശേരി കലാപം വലിയ നഷ്ടം മുസ്‌ലിംകള്‍ക്കു ഉണ്ടാക്കിയെങ്കിലും  അത് പടരാതെ നിയന്ത്രിക്കാന്‍ പോലീസിന് കഴിഞ്ഞു. ഘടകകക്ഷികളുമായുളള ബന്ധത്തിനു പോറലേല്‍ക്കാന്‍ അദ്ദേഹം ഒരിക്കലും അനുവദിച്ചിരുന്നില്ല. ലീഗുനേതൃത്വവുമായുളള ലീഡറുടെ സൗഹൃദം പ്രസിദ്ധമാണ്. പക്ഷെ പാര്‍ട്ടിയെ ഒറ്റക്കെട്ടായി നിലനിര്‍ത്തുന്നതില്‍ അദ്ദേഹത്തിനു വിജയിക്കാനായില്ല. പത്രപ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കി. അവര്‍ക്കായി ആദ്യമായി പെന്‍ഷന്‍ പദ്ധതി ആവിഷ്‌ക്കരിച്ചു. ഭാവനാപൂര്‍ണമായ പല വികസന പദ്ധതികളും അദ്ദേഹത്തിന്റെ കാലത്ത് സംസ്ഥാനത്തിനു ലഭിക്കുകയുണ്ടായി.
ദേശീയ രാഷ്ട്രീയത്തിലും ലീഡര്‍ക്ക് വലിയൊരു ഇരിപ്പടമുണ്ടായിരുന്നു. ഇന്ദിരയിലൂടെ തുടങ്ങിയ ബന്ധം നരസിംഹറാവുവരെ നിര്‍വിഘ്‌നം തുടര്‍ന്നു. റാവുവിനെ പ്രധാനമന്ത്രി പദത്തിലെത്തിച്ചത് പോലും കരുണാകരനാണ്. മുതിര്‍ന്ന നേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം എ.ഐ.സി.സിക്ക് എന്നും മുതല്‍കൂട്ടായിരുന്നു.
ജീവിതചര്യയിലും ഭക്ഷണക്രമത്തിലുമെല്ലാം കണിശമായ ചിട്ട പുലര്‍ത്തിയ ലീഡര്‍ക്ക് അവസാന നാളുകളില്‍ സാഹചര്യങ്ങളെ ക്രിയാത്മകമായി  ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല. പാര്‍ട്ടിയിലെ ഗ്രൂപ്പിസം രൂക്ഷമായപ്പോള്‍ വിശ്വസ്തരായ പലരും അകന്നു. ചേര്‍ത്തുവായിക്കേണ്ട അനേകം അനുബന്ധ സംഭവങ്ങളുണ്ടായതോടെ ലീഡര്‍ കോണ്‍ഗ്രസ് വിട്ടു പുതിയ പാര്‍ട്ടിയുണ്ടാക്കുന്നതാണ് കണ്ടത്. ഡി.ഐ.സിക്ക് ജന്മം നല്‍കിയ ലീഡരുടെ കണക്ക്കൂട്ടലുകള്‍ പക്ഷെ പിഴക്കുക തന്നെ ചെയ്തു. ചാണക്യനായ കരുണാകരനു ആദ്യമായി കാലിടറുന്നതും കേരളം കണ്ടു. എന്‍.സി.പിയില്‍ ചേര്‍ന്നിട്ടും ലക്ഷ്യം നേടാനായില്ല. ഒടുവില്‍ മാതൃസംഘടനയില്‍ തന്നെ തിരിച്ചെത്തി.
കെ.പി.സി.സിയുടെ കുഞ്ചികസ്ഥാനങ്ങളിലൊന്നും ഇരുന്നിട്ടില്ലെങ്കിലും കേരളത്തില്‍ പാര്‍ട്ടിയുടെ എല്ലാമെല്ലാമായിരുന്നു അദ്ദേഹം. അന്ത്യശ്വാസം വരെ അനുയായികള്‍ മാത്രമല്ല നേതാക്കളും അര്‍ഹിക്കുന്ന എല്ലാ പരിഗണനകളും അദ്ദേഹത്തിനു നല്കിയത് അതുകൊണ്ടാണ്. പാര്‍ട്ടിപ്രവര്‍ത്തകരുടെ ഹൃദയഭാരം അഴിച്ചുവെക്കാനും വിശ്വസ്തസേവകരെ പരിരക്ഷിക്കാനും പരമാവധി പരിശ്രമിച്ചു. ക്‌ളേശത്തിന്റെ മുള്‍വഴികളിലൂടെ സഞ്ചരിക്കേണ്ടി വന്നപ്പോഴും ആത്മവിശ്വാസത്തോടെ നെഞ്ചുയര്‍ത്തിപ്പിടിച്ച് നടന്ന കരുണാകരന്റെ ഉറച്ച നിലപാടുകള്‍ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് എന്നും നല്ല മാതൃകയായിരിക്കും.സംശയമില്ല. 

2 comments:

Related Posts Plugin for WordPress, Blogger...