കാലത്തിന്റെ വിളി കേള്‍ക്കാനുള്ള തുറന്ന കാതും വിടര്‍ന്ന കണ്ണും രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്കുണ്ടോ എന്നാണ് ജനങ്ങള്‍ക്ക് ഇനി അറിയേണ്ടത്. ബുറാഡിയില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 83-ാമത് പ്‌ളീനറി സമ്മേളനം ഇന്ത്യ അഭിമുഖീകരിക്കുന്ന മുഖ്യ വെല്ലുവിളികളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സന്മനസ്സ് കാണിച്ചതിന് നന്ദിയുണ്ട്. ജനങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കാന്‍ പാര്‍ട്ടിക്ക് ആഗ്രഹമുണ്ടെന്ന് മനസ്സിലായി. എന്നിട്ടും നാണംപേറുന്ന അണിയറക്കഥകള്‍ ആവര്‍ത്തിട്ടുകൊണ്ടേയിരിക്കുന്നു. ഭരണച്ചെങ്കോല്‍ കയ്യിലുണ്ടായിട്ടും നാടിന്റെ വിചാരവികാരങ്ങളെ കുറിച്ച് പൂര്‍ണബോധ്യമുണ്ടായിട്ടും ഇരുട്ട് മാറുന്നില്ല. വെട്ടം പിറക്കുന്നില്ല. ഈ അരക്ഷിതത്വം ജനായത്തക്രമത്തിന്റെ അടിവേരറുക്കുമെന്ന് ആദ്യം തിരിച്ചറിയേണ്ടത് ഭരണകര്‍ത്താക്കളും അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളുമാണ്.
രാജ്യം ഏറ്റവും വലിയ ഭീഷണി നേരിടുന്നത് സംഘ്പരിവാര്‍ സംഘടനകളില്‍ നിന്നാണെന്നും ബി ജെ പിയുടെ രാഷ്ട്രീയനയങ്ങള്‍ അപകടകരമാണെന്നും ചൂണ്ടിക്കാട്ടിയ സമ്മേളനം, തീവ്രവാദി ആക്രമണങ്ങളില്‍ ആര്‍ എസ് എസിന്റെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ അടുത്തിടെയുണ്ടായ സ്‌ഫോടനക്കേസുകളില്‍ ആര്‍ എസ് എസിന്റെ പങ്ക് പുറത്തുവന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ നിഗമനവും നിലപാടും രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞ് അവഗണിക്കാനാവില്ല. രാജ്യത്ത് ഭീകരവാദത്തിന് വിത്തുപാകിയത് 1992ല്‍ അഡ്വാനി നടത്തിയ രഥയാത്രയും തുടര്‍ന്നുണ്ടായ ബാബരി മസ്ജിദ് ധ്വംസനവുമാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ദിഗ് വിജയ്‌സിങ്ങ് വ്യക്തമാക്കിയത് ഇവിടെ ചേര്‍ത്തുവായിക്കുമ്പോള്‍ കോണ്‍ഗ്രസിനും കൈകഴുകാനാവില്ല. സംഘ്പരിവാര്‍ ഭീകരതക്കെതിരെ ഇപ്പോള്‍ കാണിക്കുന്ന ആവേശം പള്ളി തകര്‍ക്കപ്പെട്ട അവസരത്തില്‍ പ്രകടിപ്പിച്ചിരുന്നുവെങ്കില്‍ വര്‍ഗീയതക്ക് ഇത്രമാത്രം വേരോട്ടം ലഭിക്കുമായിരുന്നോ?
മതേതരമെന്നാല്‍ എല്ലാവരുടെയും വിശ്വസാചാരങ്ങളെ ആദരിക്കലും അവ പരിരക്ഷിക്കലുമാണെന്ന് ഇപ്പോഴെങ്കിലും കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി മുന്‍ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങളെ പുകഴ്ത്തിയപ്പോള്‍ തീവ്രവാദം വളര്‍ത്തുന്നതില്‍ അദ്ദേഹത്തിനുള്ള പങ്ക് അനുസ്മരിച്ചുകണ്ടില്ല. കഴിഞ്ഞ ഡിസമ്പറില്‍ കോണ്‍ഗ്രസിന്റെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് പുതിയ ആസ്ഥാനം ഉദ്ഘാടനം ചെയ്തപ്പോഴോ പാര്‍ട്ടി പ്രസിഡണ്ട് പദം ഏറ്റെടുത്തതിന് ശേഷം ഇതുവരെയോ റാവുവിനെ ഓര്‍ക്കാതിരുന്ന സോണിയ, ഇപ്പോള്‍ അനുസ്മരിച്ചത് ബഹുമുഖ ലക്ഷ്യങ്ങള്‍ ഉള്ളില്‍ തെളിയുന്നതുകൊണ്ടാവാം. എങ്കിലും അത് ഒഴിവാക്കുന്നതായിരുന്നു അഭികാമ്യം. ധനമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച രാഷ്ട്രീയപ്രമേയത്തെ പിന്താങ്ങി സംസാരിച്ച ദിഗ് വിജയ്‌സിങ്ങ്, രാജ്യത്ത് നടക്കുന്ന ഭീകരതയുടെ സമ്പൂര്‍ണ ഉത്തരവാദികള്‍ മുസ്‌ലിംകളാണെന്നും തങ്ങള്‍ മാന്യന്മാരാണെന്നും അവകാശപ്പെട്ട് ഒരു സമുദായത്തെ കടന്നാക്രമിച്ചതിന്റെ പൊള്ളത്തരമാണ് പൊളിച്ചെഴുതിയത്. 1930കളില്‍ ഹിറ്റ്‌ലറുടെ നാസിപാര്‍ട്ടി ജര്‍മനിയില്‍ ജൂതന്മാര്‍ക്ക്‌നേരെ അഴിച്ചുവിട്ട അക്രമങ്ങള്‍ക്ക് സമാനമാണിതെന്നു വരെ അദ്ദേഹം പറഞ്ഞുവെച്ചു. കോണ്‍ഗ്രസിന് അനുഭവങ്ങളുടെ വെളിച്ചം പകര്‍ന്നുകിട്ടാന്‍ വൈകിയതാണോ അതോ പൊള്ളുന്ന സത്യങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധതരായതാണോ എന്നറിയില്ല.
സ്വന്തം സര്‍ക്കാരും പാര്‍ട്ടി നേതാക്കളും ഉള്‍പ്പെട്ട അഴിമതി വിവാദങ്ങളുടെ പശ്ചാത്തലത്തിലായതുകൊണ്ടാവാം അനുയായികള്‍ക്ക് അഴിമതിയുടെ വ്യാകരണം ചൊല്ലിക്കൊടുക്കാന്‍ പ്‌ളീനറി സമ്മേളനം തീരുമാനിച്ചത്. ഭരണം ഏതു മുന്നണിയുടേതായാലും അഴിമതിയുടെ കൊടുംകാട്ടിലൂടെയാണ് എല്ലാവരും സഞ്ചരിക്കുന്നത്. യാഥാര്‍ഥ്യങ്ങളുടെ ഭൂപടം നിവര്‍ത്തിവെച്ച് ഭരണം പങ്കിട്ടവരൊക്കെ ഇനിയെങ്കിലും ആത്മപരിശോധന നടത്തട്ടെ. അഴിമതി തടഞ്ഞ് സദ്ഭരണം ഉറപ്പാക്കാന്‍ ആരും ശ്രമിച്ച ചരിത്രമില്ലല്ലോ. ശ്രമിച്ചാല്‍ തന്നെ അത് വിജയിക്കുകയുമില്ല. രാജ്യംകണ്ട ഏറ്റവുംവലിയ 2ജി സ്‌പെക്ട്രം അഴിമതിയിലും കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയിലും കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ അവലംബിക്കുന്ന സമീപനങ്ങള്‍ പരിശോധിച്ചാലറിയാം ഈ വിഷയത്തിലെ ആത്മാര്‍ഥത.
ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണലിലെ സൂചിക പ്രകാരം അഴിമതി അഴിഞ്ഞാട്ടം നടത്തുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ഇന്ത്യ. പൊലീസ്, വിദ്യാഭ്യാസം, മെഡിക്കല്‍ സര്‍വീസ്, ജുഡീഷ്യറി തുടങ്ങിയ ഒമ്പത് സേവന മേഖലകളില്‍ ഏതെങ്കിലും ഒന്നില്‍ കൈക്കൂലി കൊടുക്കേണ്ടിവന്നോ എന്ന ചോദ്യത്തിന് സര്‍വെയില്‍ പങ്കെടുത്ത 54 ശതമാനം പേരും പറഞ്ഞത് അതെ എന്നാണ്. ആഫ്രിക്കയിലെ അവികസിത രാജ്യങ്ങളോടും ആഭ്യന്തരസംഘര്‍ഷം നിലനില്‍ക്കുന്ന അഫ്ഗാനിസ്ഥാന്‍, മ്യാന്‍മാര്‍, കമ്പോഡിയ തുടങ്ങിയ രാജ്യങ്ങളോടും മത്സരിക്കുംപോലെയാണ് അഴിമതിയില്‍ ഇന്ത്യയുടെ കുതിപ്പ്. ചൈനയിലും ഈ ദുര്‍മേദസ് തഴച്ചുവളരുന്നുവെന്ന് സര്‍വെ വ്യക്തമാക്കുന്നു. അഴിമതിയില്‍ മുന്നില്‍ രാഷ്ട്രീയകക്ഷികള്‍ തന്നെ. രണ്ടാംസ്ഥാനത്ത് പൊലീസ്, പിന്നെ നിയമനിര്‍മാണ സഭകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും. അഞ്ചാംസ്ഥാനം സന്നദ്ധസംഘടനകളും ജൂഡീഷ്യറിയും പങ്കിടുന്നു.
തീവ്രവാദത്തിനും അഴിമതിക്കുമെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് അതിനനുയോജ്യമായ അനന്തര നടപടികളും കൈക്കൊള്ളണം. ആദ്യം അഴിമതിക്കുള്ള സകല പഴുതുകളും അടക്കുകയാണ് വേണ്ടത്. അഴിമതിക്കാര്‍ പാര്‍ട്ടിയുടെയും ഭരണത്തിന്റെയും കുഞ്ചികസ്ഥാനങ്ങളില്‍ ഒരു കാരണവശാലും കടന്നുവരാനും പാടില്ല. ഘടകകക്ഷികളിലും അഴിമതിക്കാര്‍ക്ക് ഇടംനല്‍കരുത്. തീവ്രവാദത്തെയും ഭീകരപ്രവര്‍ത്തനത്തെയും പരോക്ഷമായി പോലും സഹായിക്കുകയുമരുത്. ഇത്തരം മര്‍മഭേദിയായ പ്രശ്‌നങ്ങളില്‍ പ്രഖ്യാപനങ്ങളും പ്രമേയങ്ങളും മുമ്പും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് എന്ത് പ്രയോജനം? കോണ്‍ഗ്രസ് ഈ പ്രകൃതിനിയമത്തിന് മാറ്റംവരുത്തുമെന്ന് പ്രതീക്ഷിക്കാമോ?
No comments:
Post a Comment